LiveTV

Live

Kerala

പിറവം പള്ളി കേസ്: പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാത്രിയാർക്കീസ് ബാവയെ ആത്മീയ നേതാവായി അംഗീകരിച്ചാൽ പ്രശ്നം തീരുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു

പിറവം പള്ളി കേസ്: പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പിറവം പള്ളി കേസിൽ സുപ്രിം കോടതി വിധി പ്രകാരം പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സർക്കാർ സുപ്രിം കോടതി വിധി നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. ഘട്ടംഘട്ടമായി വിധി നടപ്പാക്കലാണ് പ്രായോഗികമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

സുപ്രീം കോടതി വിധി എല്ലാ പൗരൻമാർക്കും ബാധകമാണെന്നും അതിനാൽ വിധി നടപ്പക്കുകയാണ് വേണ്ടതെന്നു വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി. സുപ്രിം കോടതി' വിധിയാണ് യാഥാർഥ്യം. മറ്റുള്ള കാര്യങ്ങൾ വിധിക്കു മുകളിലുള്ള യാഥാർഥ്യമല്ലെന്നും കോടതി വ്യക്തമാക്കി.

പോലിസിന് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പോലിസിനെ സ്ഥിരമായി പള്ളിയിൽ കാവൽ നിർത്തുന്നത് പ്രായോഗികമാണോയെന്ന് കോടതി ചോദിച്ചു. മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്ന വരെ മാത്രമേ പിറവം പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സഭാ തർക്ക കേസിൽ 1934ലെ ഭരണഘടന നിർബന്ധമാക്കും. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ ഇക്കാര്യം പൊലീസിന് എഴുതി നല്‍കണം. വിശ്വാസികളുടെ വികാരവും, മതപരമായ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ട് വിധി നടപ്പാക്കും. ആരാധനാ ചടങ്ങുകള്‍ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് മാത്രമേ പള്ളിയിലേക്കു പ്രവേശനം അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. അപരിചിതരും ഗുണ്ടകളും കടക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സമരങ്ങളും പ്രതിഷേധവുമുണ്ടാകുമെന്നു പറഞ്ഞു വിധി നടപ്പാക്കുന്നതിൽ നിന്നു പിന്മാറാനാവില്ലെന്ന് കോടതി പറഞ്ഞു.

എല്ലാ ഇടവകാംഗങ്ങൾക്കും തിരിച്ചറിയൽ കാർഡു നൽകണമെന്ന കാര്യം സർക്കാർ ചൂണ്ടിക്കാണിച്ചപ്പോൾ ഇത് പ്രായോഗികമാണോയെന്നു കോടതി ചോദിച്ചു. നിരവധി തവണ ക്രമസമാധാന പ്രശ്നം ഉണ്ടായതാണ് തിരിച്ചറിയൽ കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് സർക്കാർ അറിയിച്ചു. ചടങ്ങുകള്‍ കഴിഞ്ഞ് 15 മിനിറ്റിനകം പള്ളിയില്‍നിന്നു പുറത്തുപോവണം. ഒരേസമയം 250ലേറെ പേര്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കില്ല. വികാരി ഉള്‍പ്പെടെ പത്തു പേര്‍ക്കു മാത്രമാവും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്നതിനു പ്രവേശനം നൽകാൻ കഴിയൂവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.