LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി പ്രളയം, നടപടി വൈകുന്നു

കെ.ആര്‍ ഇന്ദിരക്കെതിരെ ഇത് വരെ അഞ്ച് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി പ്രളയം, നടപടി വൈകുന്നു

ഫേസ്ബുക്കില്‍ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി പ്രളയം. നിരവധി വ്യക്തികളും സംഘടനകളുമാണ് ഇന്ദിരക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അതെ സമയം പരാതിയിന്‍മേലുള്ള നടപടി വൈകുന്നതായി വ്യാപകമായ ആക്ഷേപവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസാണ് ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. എഴുത്തുകാരി ഇന്ദിരയുടെ പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസ് പൊലീസിന് നല്‍കിയ പരാതി
മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസ് പൊലീസിന് നല്‍കിയ പരാതി

അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്. ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.’ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയര്‍ന്നിരുന്നു.

Also read: ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’; വംശീയ വിദ്വേഷം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പില്‍ എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പ്രതിഷേധം ശക്തം

വിദ്വേഷ പ്രചരിപ്പിക്കുന്ന പോസ്റ്റിന്റെ പശ്ചാത്തലത്തിൽ കെ ആർ ഇന്ദിരയ്ക്ക് എതിരെ സൈബർ സെല്ലിൽ ഓൺലൈൻ ആയി ദലിത് ആക്റ്റിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ രേഖാ രാജും പരാതി നല്‍കി. ഔദ്യോഗികമായ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും രേഖാരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയും കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കി. കെ.ആർ ഇന്ദിരയുടെ പോസ്റ്റ് മത സ്പർദ്ധ പടര്‍ത്തുന്നതാണെന്നും വംശീയ/വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതാണെന്നും ശ്രീജിത്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ ഇവർ ജോലിചെയ്യുന്ന ആകാശവാണി കാരണം കാണിക്കൽ നോട്ടീസ് നല്‍കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത വർഗ്ഗീയ വിഷം തുപ്പി, സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ച കെ ആർ ഇന്ദിരയ്ക്കെതിരെയുള്ള പരാതി പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചതായും അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ കുറിച്ചു.

ദലിത് ആക്റ്റിവിസ്റ്റ് ദിനു വെയിലും കെ.ആര്‍ ഇന്ദിരക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് ദിനു പരാതിയില്‍ പറയുന്നത്.

എസ്.ഐ.ഓ കേരളയും കെ.ആര്‍ ഇന്ദിരക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എസ്.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ബിനാസ് ടി.എയാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇന്ദിരയുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശം വ്യത്യസ്ത മത സമുദായങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതും സമൂഹത്തില്‍ മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷം വളര്‍ത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. ഇന്ദിരയുടെ എഴുത്തുകളും മറ്റ് പ്രവര്‍ത്തികളും ഇസ്‌ലാംമത വിശ്വാസികളെ മുറിപ്പെടുത്തുന്നതും സമൂഹത്തില്‍ മുസ്‌ലിം വിരുദ്ധത വളര്‍ത്തുന്നതും സമുദായങ്ങള്‍ തമ്മില്‍ കലാപം നടത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതുമാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.