LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

മുസ്‍ലിം വിരുദ്ധ പരാമര്‍ശം; കെ.ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഫേസ്ബുക്കില്‍ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ.ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ്. കെ.ആര്‍ ഇന്ദിരക്കെതിരെ നിരവധി വ്യക്തികളും സംഘടനകളും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ വൈകുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ കെ ആര്‍ ഇന്ദിര നീക്കം ചെയ്തിട്ടുണ്ട്.

അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്കില്‍ വംശീയ വിദ്വേഷമടങ്ങിയ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരർ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പിൽ മിനിമം സൗകര്യങ്ങൾ നൽകി പാർപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ചകളിലും വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്. ‘മുസ്‍ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‍ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ പറഞ്ഞു.’ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്നും വലിയ പ്രതിഷേധം ഇന്ദിരക്കെതിരെ ഉയര്‍ന്നിരുന്നു.