LiveTV

Live

Kerala

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍ 

തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, മടപ്പള്ളി ഗവ. കോളജ് തുടങ്ങി കേരളത്തിലെ നിരവധി കോളജുകളില്‍ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നതായി കമ്മീഷന്‍ നിഗമനത്തിലെത്തി.

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍ 

സംസ്ഥാനത്തെ കോളജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍. കോളജുകളിലെ അക്രമങ്ങള്‍ക്ക് ഗുരുതര സ്വഭാവം കൈവന്നതായും രാഷ്ട്രീയ നേതൃത്വം അക്രമികള്‍ക്ക് പലപ്പോഴും സംരക്ഷണം ഒരുക്കുന്നതായും കണ്ടെത്തല്‍. യൂനിവേഴ്സിറ്റി കോളജിലെ അക്രമങ്ങളുടെ പശ്ചാതലത്തിലാണ് ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ അന്വേഷണം നടത്തിയത്.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ ഭാഗമായി പുറത്തു വന്ന ഇടിമുറി എന്ന പ്രതിഭാസം ഒറ്റപ്പെട്ടതല്ലെന്നാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിന്‍ കമ്മറ്റി നിയോഗിച്ച ജനകീയ ജുഡീഷ്യല്‍ കമ്മീഷന്‍റെ പ്രധാന കണ്ടെത്തല്‍. തിരുവനന്തപുരം ഗവ ആര്‍ട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, മടപ്പള്ളി ഗവ. കോളജ് തുടങ്ങി കേരളത്തിലെ നിരവധി കോളജുകളില്‍ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നതായി വിദ്യാര്‍ഥികളുടെ പരാതി അന്വേഷിച്ചതില്‍ നിന്ന് കമ്മീഷന്‍ നിഗമനത്തിലെത്തി.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം എന്നതിലുപരി കോളജുകളിലെ അക്രമ സംഭവങ്ങള്‍ക്ക് ഒരു ഗുരുതര സ്വഭാവം കൈവന്നതായാണ് കമ്മീഷന്‍റെ വിലയിരുത്തല്‍. പല അക്രമങ്ങളും ആസൂത്രിതമാണ്. വലിയ വിമര്‍ശങ്ങള്‍ക്ക് ശേഷവും വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുന്നില്ല. കോളജുകളിലെ അക്രമങ്ങളുടെ പ്രതിസ്ഥാനത്ത് പലപ്പോഴും രാഷ്ട്രീയ നേതൃത്വം ഒന്നാമതെത്തുന്ന സാഹചര്യമുണ്ട്. അക്രമികള്‍ക്ക് അവര്‍ എല്ലാ സഹായവും ചെയ്തുകൊടുക്കുന്നു.

അക്രമങ്ങള്‍ക്ക് അധ്യാപകരും അനധ്യാപകരും കൂട്ടു നില്‍ക്കുന്ന അവസ്ഥയും ഉണ്ട്. അക്രമസംഭവങ്ങള്‍ക്കെതിരെ പൊലീസോ സര്‍ക്കാരോ ഗൌരവത്തിലുള്ള നടപടികള്‍ എടുക്കുന്നില്ല. അസംഘടിതിരായ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാന്‍ ഒരു സ്ഥലവും ഇല്ലാത്ത സാഹചര്യമാണുള്ളത്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അക്രമരാഷ്ട്രീയത്തെ തടയുന്നതില്‍ പരാജയപ്പെട്ടതായും കമ്മീഷന്‍ വിലയിരുത്തുന്നു.

കോളജുകളിലെ അക്രമങ്ങളില്‍ നടപടികളെടുക്കാന്‍ ജുഡീഷ്യല്‍ നിയമപരിപാലന സമിതി വേണമെന്നാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശം. കലാലയാന്തരീക്ഷത്തില്‍ സമഗ്രമായമാറ്റം വേണമെന്നും ആധിപത്യ ശൈലി സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാക്കള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.