LiveTV

Live

Kerala

രണ്ടില ചിഹ്നം: നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

പി.ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കൂ.

 രണ്ടില ചിഹ്നം: നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പി.ജെ ജോസഫ് എഴുതി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ. ഇരു വിഭാഗവും ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ ജോസ് ടോമിനെ സ്വതന്ത്രനായി കണക്കാക്കുമെന്നും ടിക്കറാം മീണ പറഞ്ഞു.

ചിഹ്നം സംബന്ധിച്ച് ജോസഫ് - ജോസ് കെ മാണി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമ വിഭാഗവുമായി അനൌദ്യോഗിക ചര്‍ച്ച നടത്തിയതായി ടിക്കാറാം മീണ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് പി ജെ ജോസഫിന്‍റെ തീരുമാനമാകും ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ നിര്‍ണ്ണായകമാകുക എന്നതാണ് ലഭിച്ച ഉപദേശം. ജോസ് കെ മാണിക്ക് വിഭാഗത്തിനെതിരായ കോടതി നടപടിയുള്ള സാഹചര്യത്തിലാണിതെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് ഉദ്ദേശമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താനുള്ള സാഹചര്യമുണ്ട്. എന്നാല്‍ അതിന് നാലാം തിയ്യതിക്കുള്ളില്‍ ഇരു കൂട്ടരും ഒത്തുതീര്‍പ്പിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ടോം ജോസിന് സ്വതന്ത്രനായി മത്സരിക്കാന്‍ തന്നെയാണ് സാധ്യതയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.