LiveTV

Live

Kerala

രണ്ടില ചിഹ്നം അനുവദിക്കണം: ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അതിനാല്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണമെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു.

രണ്ടില ചിഹ്നം അനുവദിക്കണം: ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജോസ് ടോമാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അതിനാല്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണമെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പി.ജെ ജോസഫ് എഴുതി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരു വിഭാഗവും ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ നിലവിലെ സ്ഥിതിയില്‍ ജോസ് ടോമിനെ സ്വതന്ത്രനായി കണക്കാക്കുമെന്നും ടിക്കറാം മീണ പറഞ്ഞു.

ചിഹ്നം സംബന്ധിച്ച് ജോസഫ് - ജോസ് കെ മാണി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമ വിഭാഗവുമായി അനൌദ്യോഗിക ചര്‍ച്ച നടത്തിയതായി ടിക്കാറാം മീണ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് പി.ജെ ജോസഫിന്‍റെ തീരുമാനമാകും ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ നിര്‍ണ്ണായകമാകുക എന്നതാണ് ലഭിച്ച ഉപദേശം. ജോസ് കെ മാണിക്ക് വിഭാഗത്തിനെതിരായ കോടതി നടപടിയുള്ള സാഹചര്യത്തിലാണിതെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.