LiveTV

Live

Kerala

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇന്ന് മുതല്‍ കടുത്ത പിഴ

പിഴത്തുക കുത്തനെ കൂട്ടിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ഇന്ന് പ്രാബല്യത്തില്‍ വരും 

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഇന്ന് മുതല്‍ കടുത്ത പിഴ

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവർ ഇന്നു മുതല്‍ കടുത്ത പിഴ നൽകേണ്ടി വരും. പിഴത്തുക കുത്തനെ കൂട്ടിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ഇന്ന് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് മൂന്നാം തീയതി തൊട്ട് പരിശോധന കർശനമാക്കും.

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ധിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇന്നു മുതൽ പിഴ 5000 രൂപയാണ്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് 1000 രൂപയാണ് പിഴ. അമിത വേഗത്തിനുള്ള പിഴത്തുകയും 1000മായി ഉയര്‍ത്തി. വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോൺ ഉപയോഗിച്ചാൽ പിഴ 10,000 രൂപ നൽകണം. മദ്യപിച്ചു ഓടിക്കുന്നവരെ കാത്തിരിക്കുന്നതും 10,000 രൂപയാണ്. അമിത ആളെ കയറ്റി ഇരുചക്രവാഹനമോടിച്ചാല്‍ 2000 രൂപ നല്‍കേണ്ടി വരും. ഇൻഷുറൻസ് ഇല്ലാത്തതിനും പിഴ 2000മാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കളോ വാഹന ഉടമയോ 25,000 രൂപ പിഴ നൽകണം. സൺ ഫിലിമിന് പുറമെ വാഹനത്തിൽ കർട്ടൺ ഇട്ട് യാത്ര ചെയ്താലും കുറ്റമാണ്.

ഏത് കുറ്റത്തിനും പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാം. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ പ്രത്യേക റിഫ്രഷർ കോഴ്സിൽ പങ്കെടുക്കണം. പിഴയടക്കാൻ കയ്യിൽ പണമില്ലെങ്കിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ അടക്കാം.