LiveTV

Live

Kerala

രാഹുലിന്‍റെ വയനാട് സന്ദര്‍ശനം: ജില്ലയിലെ സി.പി.എം നേതാക്കളെ അവഗണിച്ചതായി പരാതി

യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം പ്രളയബാധിതരെ കാണാനെത്തിയ രാഹുല്‍ ഉദ്യോഗസ്ഥരെ കാണാന്‍ സമയം കണ്ടെത്തിയില്ലെന്നും ആരോപണമുണ്ട്

 രാഹുലിന്‍റെ വയനാട് സന്ദര്‍ശനം: ജില്ലയിലെ സി.പി.എം നേതാക്കളെ അവഗണിച്ചതായി പരാതി

വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി എം.പി നടത്തിയ സന്ദര്‍ശനത്തിനിടെ ജനപ്രതിനിധികളെ അവഗണിച്ചതായി ജില്ലയിലെ സി.പി.എം നേതാക്കളുടെ പരാതി. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം പ്രളയബാധിതരെ കാണാനെത്തിയ രാഹുല്‍ ഉദ്യോഗസ്ഥരെ കാണാന്‍ സമയം കണ്ടെത്തിയില്ലെന്നും ആരോപണമുണ്ട്. സ്വന്തം മണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലൂടെ രാഹുല്‍ ഗാന്ധി നടത്തിയ നാലു ദിവസത്തെ സന്ദര്‍ശനത്തില്‍ രണ്ട് ദിവസവും വയനാട് ജില്ലയില്‍ തന്നെയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഇതിനിടയില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കണ്ട് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പകരം യു.ഡി.എഫ് നേതാക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു എന്നാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്. പുത്തുമല ദുരന്ത സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് കലക്ട്രേറ്റില്‍ യോഗം വിളിച്ച സമയത്ത് വയനാട്ടിലുണ്ടായിട്ടും രാഹുല്‍ യോഗത്തിനെത്തിയില്ലെന്നും ഇടത് നേതാക്കള്‍ ആരോപിച്ചു.

പ്രളയക്കെടുതി അനുഭവിക്കുന്ന ജില്ലയിലെ ആദിവാസി ഊരുകളില്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ പലയിടങ്ങളിലും റവന്യൂ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും എത്തിയിരുന്നില്ല. വയനാട് എം.പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി തങ്ങളുമായി കൂടിയാലോചിക്കാതെ തീരുമാനമെടുക്കുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങളെയടക്കം ബാധിക്കുമെന്നാണ് ഇടതു നേതാക്കളുടെ ആരോപണം.