LiveTV

Live

Kerala

ജോസഫിന്റെ തുടര്‍നീക്കങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രസക്തിയേറും

നിഷാ ജോസ് കെ. മാണി അല്ലാത്ത മറ്റേതൊരു പേരിനെയും ജോസഫ് ഉള്‍ക്കൊള്ളാനാണ് സാധ്യത

ജോസഫിന്റെ തുടര്‍നീക്കങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രസക്തിയേറും

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടത്താനിരിക്കെ പി.ജെ ജോസഫിന്റെ തുടര്‍നീക്കങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രസക്തിയേറും. പാര്‍ട്ടി നേതൃത്വം അരക്കിട്ടുറപ്പിക്കാന്‍ വേണ്ട നടപടികള്‍ വരും മണിക്കൂറുകളില്‍ പിജെ ജോസഫ് പയറ്റും. നിഷാ ജോസ് കെ. മാണി അല്ലാത്ത മറ്റേതൊരു പേരിനെയും ജോസഫ് ഉള്‍ക്കൊള്ളാനാണ് സാധ്യത.

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി നിഷാ ജോസ് കെ. മാണിക്ക് ചിഹ്നം അനുവദിച്ചാല്‍ അത് ജോസഫ് വിഭാഗത്തിന്റെ അടിയറവാകും എന്ന വിലയിരുത്തലാണ് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളൊക്കെയും ഈ അഭിപ്രായമാണ് ജോസഫിന് മുമ്പില്‍ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ നിഷാ ജോസ് കെ. മാണിയൊഴികെ മറ്റേതു പേരും ജോസഫ് വിഭാഗത്ത് സമ്മതമാണ്. പാര്‍ട്ടി അംഗത്വമില്ലാത്ത ആളുകള്‍ക്ക് ചിഹ്നം നല്‍കി മല്‍സരിപ്പിക്കേണ്ടെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കളും പങ്കുവച്ചത്. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പി.ജെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിത്വം തകിടം മറിച്ചപ്പോള്‍ യു.ഡി.എഫിന് കോട്ടം തട്ടാതെ നിശബ്ദനായി നിലകൊണ്ടതും യു.ഡി.എഫ് നേതൃത്വത്തെ പി.ജെ ജോസഫ് ഓര്‍മ്മപ്പെടുത്തി. പാര്‍ട്ടിയുടെ നേതൃത്വം തന്റെ വിഭാഗത്തിനൊപ്പം എത്തിക്കാന്‍ കിട്ടിയ അവസരത്തെ പൂര്‍ണമായും വിനിയോഗിക്കാനാണ് പി.ജെ ജോസഫിന്റെ ശ്രമം. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പി.ജെ ജോസഫ് ചിഹ്നം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ ഭാവിയില്‍ അത് കോടതിയിലുള്ള കേസുകളുടെ നടത്തിപ്പിനും ഗുണകരമാകും എന്നും വിലയിരുത്തപ്പെടുന്നു.