LiveTV

Live

Kerala

ബിറ്റ് കോയിന്‍ ഇടപാടില്‍ ഡെറാഡൂണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്

കൊല്ലപ്പെട്ട ഷുക്കൂറിനെ പ്രതികള്‍ ആശുപത്രിയിലെത്തിച്ചതിന്‍റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്.

ബിറ്റ് കോയിന്‍ ഇടപാടില്‍ ഡെറാഡൂണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്

ബിറ്റ് കോയിന്‍ ഇടപാടില്‍ ഡെറാഡൂണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. കൊല്ലപ്പെട്ട ഷുക്കൂറിനെ പ്രതികള്‍ ആശുപത്രിയിലെത്തിച്ചതിന്‍റെ ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്. പുലാമന്തോൾ സ്വദേശി ഷുക്കൂർ ഡെറാഡൂണിൽ വെച്ചാണ് കഴിഞ്ഞദിവസം കൊല്ലപ്പെടുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് ബന്ധുക്കള്‍ പറയുന്നു.

485 കോടി രൂപയുടെ നിക്ഷേപം നടന്ന ബിറ്റ്കോയിന്‍ ഇടപാടിലെ ഷുക്കൂറിന്റെ വ്യാപാര പങ്കാളികളാണ് കൊലപാതകം നടത്തിയതെന്നാണ് ഡെറാഡൂണ്‍ പോലീസിന്റെ കണ്ടെത്തല്‍. പത്തംഗ സംഘത്തിലെ ‍അഞ്ച് പ്രതികള്‍ പിടിയിലായി. നിക്ഷേപം തിരിച്ചുകൊടുക്കാനാകാതെ പ്രതിസന്ധിയിലായ ഷുക്കൂറിനെ രണ്ട് മാസം മുമ്പാണ് പ്രതികള്‍ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വ്യാപാര അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മൂന്ന് ദിവസം മര്‍ദനം തുടര്‍ന്നു.

ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ഡെറാഡൂണിലെ ഒരു ആശുപത്രിയിലെത്തിച്ച് സംഘം രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് മീഡിയവണിന് ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളും ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങളും വെച്ച് പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടു.

നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ അഞ്ചുപേരും മലപ്പുറം സ്വദേശികളാണ്. അഞ്ചുപേരെക്കൂടി പിടികൂടാനുണ്ട്. കേസ് അന്വേഷിക്കുന്ന ഡെറാഡൂണ്‍ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.