LiveTV

Live

Kerala

മുല്ലപ്പള്ളിക്കെതിരെ നടപടിക്ക് ബെഹ്‌റക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം

മോദി സര്‍ക്കാര്‍ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് നടപടിയെന്ന് പ്രതിപക്ഷനേതാവ്

മുല്ലപ്പള്ളിക്കെതിരെ നടപടിക്ക് ബെഹ്‌റക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് പ്രോസിക്യൂഷന്‍ അനുമതി സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മോദി സര്‍ക്കാരിനെപോലെയാണ് പിണറായി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ കേസിന് പോകാന്‍ ഡി.ജി.പിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. മോദി സര്‍ക്കാര്‍ പിന്തുടരുന്ന ഫാസിസവും അസഹിഷ്ണുതയും തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത് എന്നതിന്റെ തെളിവാണ് നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

ഡി.ജി.പിയെയും പൊലീസിനെയും ഇനിയും വിമര്‍ശിക്കുമെന്നും അതിനെതിരായ ഏത് നടപടിയെയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാവരുടെ കാര്യത്തിലും ഇതു തന്നെയാണോ സര്‍ക്കാര്‍ നയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കകയാണെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം നേതാക്കള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിയസമിതിയംഗം എ.കെ ആന്റണി പറഞ്ഞു. ഇഷ്‌റത്ത് കേസില്‍ നിന്ന് മോദിയെയും അമിത് ഷായെയും രക്ഷപ്പെടുത്തിയെന്ന ആരോപണം വന്നപ്പോള്‍ പോലും കേസിന് പോകാത്തയാളാണ് ബെഹ്‌റയെന്ന വി.ടി ബല്‍റാം പറഞ്ഞു.

സി.പി.എമ്മിന്റെ താല്‍പര്യ സംരക്ഷകനായ ബെഹ്‌റയെ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതില്‍ തെറ്റ് പറയാനാകില്ലെന്നായിരുന്നും വി.എം സുധീരന്റെ വിമര്‍ശം. പൊലീസിലെ ബാലറ്റ് വോട്ട് ശേഖരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ ഡി.ജി.പി നിയോഗിച്ച പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശം.