LiveTV

Live

Kerala

കൊങ്കണിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

വൈകീട്ട് നാലരയോടെ എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് ആണ് പുതുതായി നിര്‍മിച്ച പാതയിലൂടെ കടത്തി വിട്ട ആദ്യ യാത്രാ ട്രെയിന്‍.

കൊങ്കണിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കൊങ്കണ്‍ പാതവഴിയുള്ള റെയില്‍ ഗതാഗതം ഒരാഴ്ചക്ക് ശേഷം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായ കര്‍ണാടകയിലെ കുലശേഖരയില്‍ പുതിയ പാത നിര്‍മിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത് ഗുഡ്‌സ് ട്രെയിനുകള്‍ കടത്തിവിട്ട് സുരക്ഷ ഉറപ്പാക്കിയാണ് യാത്ര ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയത്.

കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊങ്കണ്‍ റയില്‍ പാതയുടെ ഭാഗമായ മംഗലൂരു - സൂറത്കല്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടക്ക് കര്‍ണാടകയിലെ കുലശേഖരയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്.

Also read: കൊങ്കണ്‍ പാതയില്‍ ട്രയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും

മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കം അപ്രായോഗികമായതോടെ പ്രദേശത്ത് 400 മീറ്റര്‍ സമാന്തര പാത നിര്‍മിച്ചാണ് ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. പാത നിര്‍മാണം പൂര്‍ത്തിയായതോടെ ആദ്യം ഗുഡ്‌സ് ട്രെയിനുകള്‍ കടത്തിവിട്ട് സുരക്ഷ ഉറപ്പാക്കിയാണ് യാത്രക്കാരടങ്ങുന്ന ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയത്.

വൈകീട്ട് നാലരയോടെ എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് ആണ് പുതുതായി നിര്‍മിച്ച പാതയിലൂടെ കടത്തി വിട്ട ആദ്യ യാത്രാ ട്രെയിന്‍. നാളെ മുതല്‍ കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെത്തന്നെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ഇടവിട്ട സമയങ്ങളില്‍ മഴ പെയ്തതോടെ പാത നിര്‍മാണവും അനുബന്ധ പ്രവൃത്തികളും നീളുകയായിരുന്നു. ഉച്ചക്ക് 2.30 യോടെയാണ് പുതിയ പാതയിലൂടെയുള്ള ആദ്യ ട്രയല്‍ റണ്‍ നടത്താനായത്.