LiveTV

Live

Kerala

മുരളീധരനും തരൂരും തമ്മില്‍ വാക്‌പോര് തുടരുന്നു

ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി വിവാദം അവസാനിപ്പിച്ചെങ്കിലും മുരളീധരന്‍ പിന്നോട്ടില്ല.

മുരളീധരനും തരൂരും തമ്മില്‍ വാക്‌പോര് തുടരുന്നു

മോദിയെക്കുറിച്ച് പരാമര്‍ശത്തില്‍ കെ.പി.സി.സി പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടും കെ മുരളീധരനും ശശി തരൂരും തമ്മിലെ വാക്‌പോര് തുടരുന്നു. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും മോദിയെ പ്രശംസിക്കാനാവില്ലെന്ന് കെ മുരളീധരന്‍. പന്നികളോട് ഗുസ്തിക്ക് ചെന്നാല്‍ ഗുസ്തിപിടിക്കുന്നവനും നാറുമെന്ന ബെര്‍ണാഡ് ഷായുടെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് തരൂരിന്റെ മറുപടി.

ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ആദ്യം ലംഘിച്ചത് കെ മുരളീധരന്‍. ബി.ജെ.പിക്കാര്‍ക്ക് പോലും പ്രശംസിക്കാന്‍ കഴിയാത്ത തരം വൃത്തികെട്ട ഭരണം നടത്തുന്ന മോദി ഒരു നിലക്കും അഭിനന്ദനത്തിന് അര്‍ഹനല്ല. തരൂരിന്റെ ഭാഷാ പ്രാവീണ്യമല്ല, മോദി വിരുദ്ധ വികാരമാണ് തിരുവനന്തപുരത്തുള്‍പ്പെടെ യു.ഡി.എഫ് വിജയത്തിന് കാരണമായതെന്നും മുരളീധരന്‍.

തരൂരിന്റെ വിശദീകരണം കണ്ടില്ലെന്നും തനിക്ക് പറയാനുള്ളത് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തരൂരിനെതിരെ നടപടി വേണ്ടെന്ന കെ.പി.സി.സി തീരുമാനത്തിലെ അതൃപ്തി കൂടിയാണ് മുരളീധരന്‍ പ്രകടിപ്പിച്ചത്. പിന്നാലെ ഫേസ്ബുക്കിലും ട്വിറ്ററിലും ശശി തരൂരിന്റെ ഒളിയമ്പ്.

പന്നികളോട് ഏറ്റുമുട്ടുന്നവരും നാറുമെന്നും പക്ഷെ പന്നികള്‍ അത് ഇഷ്ടപ്പെടുന്നുണ്ടെന്നും തനിക്ക് പണ്ടേ അറിയാമെന്ന ജോര്‍ജ് ബെര്‍ണാഡ് ഷായുടെ വാക്കുകളാണ് തരൂര്‍ പോസ്റ്റ് ചെയ്തത്.