LiveTV

Live

Kerala

ചെങ്ങോട്ടുമലയിലെ പാറഖനനം: വലിയ ദുരന്തത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

ഖനനം നടത്താന്‍ ഉദേശിക്കുന്നത് ചെങ്ങോട്ടു മലയുടെ തലപ്പത്ത് ആയതിനാല്‍ ദുരന്തത്തിന്‍റെ ആക്കം കൂട്ടുമെന്നും പഞ്ചായത്ത് നിയോഗിച്ച പത്തംഗ വിദഗ്ധ സമിതി പഞ്ചായത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു

ചെങ്ങോട്ടുമലയിലെ പാറഖനനം: വലിയ ദുരന്തത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

ചെങ്ങോട്ടുമലയില്‍ പാറഖനനം നടത്തിയാല്‍ വലിയ ദുരന്തം വിളിച്ചുവരുത്തുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ പഠന റിപ്പോര്‍ട്ട്. ഖനനം നടത്താന്‍ ഉദേശിക്കുന്നത് ചെങ്ങോട്ടു മലയുടെ തലപ്പത്ത് ആയതിനാല്‍ ദുരന്തത്തിന്‍റെ ആക്കം കൂട്ടുമെന്നും പഞ്ചായത്ത് നിയോഗിച്ച പത്തംഗ വിദഗ്ധ സമിതി പഞ്ചായത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാറഖനനത്തിന് അനുമതി നല്‍കരുതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചെങ്ങോട്ടുമലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് പാറഖനനത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഇത് ദുരന്തത്തിന് ആക്കം കൂട്ടുമെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ റിട്ടയര്‍ സയിന്‍സ്റ്റിസ്റ്റ് ഡോ. കെ. വി തോമസ് ചെയര്‍മാനായ പത്തംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഭൂപ്രകൃതിയും സവിശേഷതയും വെച്ചുനോക്കുമ്പോള്‍ ചെങ്ങോട്ടുമല പാറ ഖനനത്തിന് ഒട്ടും അനുയോജ്യമല്ലന്നാണ് കണ്ടെത്തല്‍.

മലകളാല്‍ ചുറ്റപ്പെട്ട കോട്ടൂര്‍ പഞ്ചായത്തിന്‍റെ സവിശേഷ ഭൂപ്രകൃതി ഖനനം മൂലമുള്ള വായുമലിനീകരണവും ജലമലിനീകരണവും ശബ്ദമലിനീകരണവും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനതലത്തില്‍ ക്വാറികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ശാസ്ത്രീയ പഠനത്തിലൂടെ നിശ്ചയിച്ച് അവിടെ മാത്രം ഖനാനുമതി നല്‍കുക, പാരിസ്ഥിതി ആഘാതപഠനം എല്ലാ ക്വാറികളിലും നിര്‍ബന്ധമാക്കുക എന്നീ ശിപാര്‍ശകളും സമിതി മുന്നോട്ട് വെക്കുന്നുണ്ട്. ചെങ്ങോട്ടുമലയിലെ പാറഖനാനുമതി നല്‍കുന്നത് വിവാദമായതോടെയാണ് പഞ്ചായത്ത് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഏല്‍പിച്ചത്.