LiveTV

Live

Kerala

എറണാകുളം- അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പ്രശ്നങ്ങൾ: സീറോ മലബാർ സഭ സിനഡിന്‍റെ നിർണ്ണായക തീരുമാനങ്ങൾ ഇന്ന്

അതിരൂപതയിലെ ആഭ്യന്തര പോരിൽ ഇരുവിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള പ്രശ്ന പരിഹാര ശ്രമങ്ങൾക്കാണ് സിനഡ് മുൻകൈയ്യെടുത്തത്.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പ്രശ്നങ്ങൾ: സീറോ മലബാർ സഭ സിനഡിന്‍റെ നിർണ്ണായക തീരുമാനങ്ങൾ ഇന്ന്

എറണാകുളം- അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സിറോ മലബാർ സഭ സിനഡിന്‍റെ നിർണ്ണായക തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും. അതിരൂപതയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പോരിൽ ഇരുവിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള പ്രശ്ന പരിഹാര ശ്രമങ്ങൾക്കാണ് സിനഡ് മുൻകൈയ്യെടുത്തത്. പുതിയ ബിഷപ്പിനെ നിയമിക്കുന്ന കാര്യത്തിലും സിനഡില്‍ ധാരണയായിട്ടുണ്ട്. പതിനൊന്ന് ദിവസമായി തുടരുന്ന സിനഡ് ഇന്ന് സമാപിക്കും.

സിറോ മലബാർ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തിൽ സിനഡിലെ തീരുമാനങ്ങൾ നിർണായകമാകും. പരമാധ്യക്ഷനെതിരെ സഭയ്ക്കകത്തു നിന്ന് തന്നെ കലാപമുണ്ടായതോടെയാണ് സഭ പ്രതിസന്ധിയിലകപ്പെട്ടത്. മെത്രാൻ സിനഡിനെ വിശ്വാസികളിൽ ഒരു വിഭാഗം ഉപരോധിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഈയൊരു സാഹചര്യത്തിൽ സിനഡിൽ നിർണായകമായ തീരുമാനങ്ങൾ എടുത്തതായാണ് സൂചന.

മാണ്ഡ്യ അതിരൂപത ബിഷപ്പായ ആന്‍റണി കരിയൽ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ബിഷപ്പായി എത്തിയേക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സിനഡ് എത്തിയിട്ടില്ല. സസ്പെന്‍റ് ചെയ്ത സഹായ മെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെ തിരികെയെടുത്ത് കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് ധാരണ.

സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായും, ജോസ് പുത്തൻ വീട്ടലിനെ ഡൽഹി ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും മാറ്റാനാണ് സിനഡ് നിർദ്ദേശം. വ്യാജ രേഖകേസ് അടക്കമുള്ള സഭയിലെ പ്രശനങ്ങളിൽ പരാതികൾ പരിഹരിക്കാൻ മൂന്നംഗ മെത്രാൻ സമിതിയും രൂപീകരിച്ചേക്കും. വത്തിക്കാന്‍റെ അനുമതിയോടെ വൈകിട്ട് മൂന്ന് മണിക്ക് തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് വിമത വിഭാഗം വൈദികരും അതിരൂപത സുതാര്യത സമിതിയടക്കമുള്ള സംഘടനകളും അംഗീകരിച്ചാൽ സഭയിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് താൽക്കാലമായെങ്കിലും അയവ് വരും.