LiveTV

Live

Kerala

തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസിന് പ്രതിച്ഛായ നഷ്ടം

സംസ്ഥാനത്തെ നേതാക്കള്‍ ഒന്നടങ്കം തരൂരിനെതിരെ നിന്നെങ്കിലും ഹൈക്കമാന്‍ഡിന്‍റെ പിന്തുണ തരൂരിനായിരുന്നു

തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസിന് പ്രതിച്ഛായ നഷ്ടം

ശശി തരൂരിന്‍റെ വിവാദ മോദി പരാമര്‍ശം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഏല്‍പ്പിച്ചത് പ്രതിച്ഛായാ നഷ്ടം. സംസ്ഥാനത്തെ നേതാക്കള്‍ ഒന്നടങ്കം തരൂരിനെതിരെ നിന്നെങ്കിലും ഹൈക്കമാന്‍ഡിന്‍റെ പിന്തുണ തരൂരിനായിരുന്നു. സംസ്ഥാനത്തെ നേതാക്കളും തരൂരും തമ്മിലെ അകലം സംബന്ധിച്ച സൂചന നല്‍കുന്നതുമായി വിവാദം.

ജയറാം രമേശിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ശശി തരൂരിന്‍റെ ട്വീറ്റായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. ഒന്നിന് പിന്നാലെ ഒന്നായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശവുമായെത്തി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരും മാറിനിന്നില്ല. ഉമ്മന്‍ചാണ്ടി മാത്രമായിരുന്നു അപവാദം. വിമര്‍ശങ്ങള്‍ക്ക് തരൂര്‍ മറുപടി നല്‍കിയത് നേതാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചു. മോദി മഹത്വവത്കരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്ന് വേണ്ടെന്ന് ചിലര്‍, കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകണമെന്ന മറ്റു ചിലര്‍.

അബ്ദുല്ലക്കുട്ടിയുമായി താരതമ്യം ചെയ്ത കെ.പി.സി.സി അധ്യക്ഷനും മൂര്‍ച്ചയേറിയ വാക്കുകളാണ് ഉപയോഗിച്ചത്. എന്നാല്‍ അവസാനം ഹൈകമാന്‍ഡ് ഇടപെടലില്‍ വിവാദം അവസാനിപ്പിക്കുമ്പോള്‍ തരൂര്‍ പറഞ്ഞിടത്ത് തന്നെ നില്‍ക്കുകയാണ്. ഹൈകമാന്‍ഡ് നിര്‍ദേശമനുസരിച്ച് തുടര്‍ പ്രതികരണം നടത്തിയില്ലെങ്കിലും കെ. പി.സി.സി അധ്യക്ഷന്‍റെ അടക്കം പ്രതികരണങ്ങളിലെ അതൃപ്തി തരൂര്‍ പങ്കുവെക്കുന്നുണ്ട്.

മുസ്‍ലിം ലീഗ് നേതാക്കളുടെ പിന്തുണയും തരൂരിന് തുണയായി. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എ.ഐ.സി. സിയില്‍ കിട്ടാത്ത പ്രാധാന്യം തരൂരിന് കിട്ടുന്നതിലെ പ്രശ്നങ്ങള്‍ വിവാദത്തിന്റെ അടിത്തറയായി പ്രവര്‍ത്തിച്ചുവെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. എന്തായാലും സംസ്ഥാനത്തെ നേതാക്കള്‍ ഒന്നടങ്കം അണിനിരന്നിട്ടും തരൂരിനെതിരെ ചെറിയൊരു നടപടി പോലും ഉണ്ടാകാത്തത് കേരളത്തിലെ നേതാക്കള്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.