LiveTV

Live

Kerala

പാലാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമായില്ല; നിഷാ ജോസ് കെ.മാണിക്ക് സാധ്യതയേറുന്നു

നിഷാ ജോസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങളാണ് ജോസ് ഗ്രൂപ്പില്‍ നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ ജോസഫ് പ്രഖ്യാപിക്കുമെന്ന് ജോയ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു

പാലാ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമായില്ല;  നിഷാ ജോസ് കെ.മാണിക്ക് സാധ്യതയേറുന്നു

പാലായിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താനാകാതെ കേരള കോണ്‍ഗ്രസ് . നിഷാ ജോസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങളാണ് ജോസ് ഗ്രൂപ്പില്‍ നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ ജോസഫ് പ്രഖ്യാപിക്കുമെന്ന് ജോയ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഉറപ്പുവരുത്താനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. ജയം ഉറപ്പുള്ള സ്ഥാനാര്‍ഥിക്കായിരിക്കും രണ്ടില ചിഹ്നം അനുവദിക്കുകയെന്നും ഞായറാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും പി.ജെ ജോസഫും പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ഥിയെ പി.ജെ ജോസഫ് പ്രഖ്യാപിക്കുമെന്ന് ജോയ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു. സമവായത്തിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്തും. സ്ഥാനാര്‍ഥിയെക്കുറിച്ച് യു.ഡി.എഫില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

നാടകങ്ങള്‍ എല്ലാവരും കാണുന്നുണ്ടെന്ന് ജോയ് എബ്രാഹം പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചക്കായി യു.ഡി.എഫ് നേതാക്കളുമായി മറ്റന്നാള്‍ ചര്‍ച്ച നടത്തും. സമവായത്തിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്തും. പി.ജെ ജോസഫായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം തങ്ങളുണ്ടാകുമെന്നും ജോയ് എബ്രഹാം പറഞ്ഞു.

അതേസമയം പാലായില്‍ കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് യൂത്ത് ഫ്രണ്ട് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടികയില്‍ മീഡിയവണിനോട് പറഞ്ഞു.

Also read: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പ്; കേരളാ കോൺഗ്രസിൽ വെടിനിർത്തൽ