LiveTV

Live

Kerala

ഉയര്‍ന്ന റാങ്കുണ്ടായിട്ടും ഇവര്‍ക്ക് ബാക്കിയായത് ഈ കണ്ണീരാണ്...

പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഉയര്‍ന്ന റാങ്കുണ്ടായിട്ടും ഇവര്‍ക്ക് ബാക്കിയായത് ഈ കണ്ണീരാണ്...

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് ബിഫാം, എംഫാം കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷന്‍. നേരത്തെ അഡ്മിഷന്‍ നേടിയ സ്ഥാപനത്തില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞാണ് ഉയര്‍ന്ന റാങ്ക് നേടിയവരെ അവഗണിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അഡ്മിഷന്‍ നടപടികള്‍.

പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികളാണ് ഇതോടെ കണ്ണീരോടെ മടങ്ങുന്നത്. ആദ്യ അലോട്മെന്റില്‍ സീറ്റ് കിട്ടിയപ്പോള്‍ അവസരം കളയേണ്ടെന്ന് കരുതി സ്വാശ്രയ കോളജുകളില്‍ അഡ്മിഷന്‍ നേടി. അതുപക്ഷേ വിനയായി തീരുകയായിരുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ കോളജില്‍ ഒഴിവുവന്ന സീറ്റിലേക്ക് സ്പോട് അഡ്മിഷനിലൂടെ പ്രവേശനം നേടാനുള്ള അവസരം തെറ്റായ നടപടിക്രമങ്ങളിലൂടെ തട്ടിത്തെറിപ്പിക്കുകയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ്.

ഉയര്‍ന്ന റാങ്കുകാരായ കുട്ടികള്‍ കൂടുതല്‍ ഫീസ് കൊടുത്ത് സ്വാശ്രയ കോളജിലും, കുറഞ്ഞ റാങ്കുള്ളവര്‍ കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ കോളജിലും പഠിക്കുന്ന അവസ്ഥയാണ് ഇതോടെ ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്. ബിഫാമിന് സ്വാശ്രയ കോളജില്‍ ഒന്നേ കാല്‍ ലക്ഷമാണ് ഫീസ്, സര്‍ക്കാര്‍ കോളജില്‍ 15000ഉം.

പ്രതിഷേധിച്ചവരെ പൊലീസിനെക്കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്‍.ഒ.സി പോര, അസ്സല്‍ രേഖകളുമായി വന്നാലേ അഡ്മിഷന്‍ നല്‍കൂവെന്ന് വിജ്ഞാപനത്തിലുണ്ടെന്ന് അധികൃതരുടെ വിശദീകരണം. കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.