LiveTV

Live

Kerala

സര്‍ക്കാരിനെതിരെ ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹരജി: മലങ്കര സഭ പള്ളിത്തർക്കം പുതിയ തലത്തിലേക്ക്

സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഒരു സമവായ ശ്രമങ്ങൾക്കും വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് സഭ നേതൃത്വം

സര്‍ക്കാരിനെതിരെ ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹരജി: മലങ്കര സഭ പള്ളിത്തർക്കം പുതിയ തലത്തിലേക്ക്

സംസ്ഥാന സര്‍ക്കാരിനെതിരെ ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ ഹര്‍ജി ഫയൽ ചെയ്തതോടെ മലങ്കര സഭ പള്ളിത്തർക്കം പുതിയ തലത്തിലേക്ക്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെങ്കില്‍ മലങ്കര സഭ ഭരണഘടനയുമായി സഭ തലവൻ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നിലപാടിൽ കടുത്ത അമർഷമാണ് ഓർത്തഡോക്സ് സഭക്കുള്ളത്. സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഒരു സമവായ ശ്രമങ്ങൾക്കും വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് സഭ നേതൃത്വം. യാക്കോബായ വിഭാഗത്തിന് അനുകൂലമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ ആരോപണം.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ഒരു ശ്രമവും ഉണ്ടായില്ല. യാക്കോബായ സഭക്ക് അനുകൂലമായ ഒത്തു തീർപ്പ് ശ്രമങ്ങൾക്കാണ് സർക്കാർ ശ്രമിച്ചതെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. സംസ്ഥാന സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സേനയുടെ സഹായത്തോടെ വിധി നടപ്പിലാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് 2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കില്‍ 1934 ലെ ഭരണഘടനയുമായി കാതോലിക്കാ ബാവ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇത് സഭ തലവനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ ആരോപിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊലീസിന്‍റെ സഹകരണത്തോടെ യാക്കോബായ സഭ സമാന്തര ഭരണം നടത്തുകയാണെന്നും സുപ്രീം കോടതിയിൽ നൽകിയ കോടതീയലക്ഷ്യ ഹരജിയിൽ ആരോപിക്കുന്നുണ്ട്.

1064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. പള്ളിത്തര്‍ക്ക കേസുകളില്‍ മലങ്കര സഭയുടെ 1934 ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് ലഭിച്ചത്.