LiveTV

Live

Kerala

സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും

ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം

സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും

സസ്പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുത്തേക്കും. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന ശിപാര്‍ശയങ്ങുന്ന ഫയല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ,ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാകും. ട്രിബൂണല്‍ ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചട്ടപ്രകാരമുള്ള നിയമനമാണെങ്കില്‍ സ്വീകരിക്കുമെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

2017 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനില്‍ തുടരുന്ന ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്ട്ടേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചാണ് അനൂകൂല വിധി നേടിയെടുത്തത് . ഡി.ജി.പി റാങ്കിലുള്ള സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തേമസിനെ വേഗത്തില്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നായിരുന്നു ഉത്തരവ്. ട്രിബ്യൂണലിന്റെ തീരുമാനമുണ്ടായിട്ടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശിപാര്‍ശയോടെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രിയായിരിക്കും. തിരിച്ചെടുക്കാന്‍ തീരുമാനിച്ചാലും സുപ്രധാന പദവിയിലേക്ക് ജേക്കബ് തോമസിനെ നിയമിക്കാന്‍ സാധ്യതയില്ല. സംസ്ഥാന പൊലീസ് മേധാവി അല്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ ഈ പദവികളിലേക്ക് അല്ലെങ്കില്‍ തിരികെ വരാനുള്ള താത്പര്യം ജേക്കബ് തോമസിനും ഇല്ലെന്നാണ് വിവരം. സ്വയം വിരമിക്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്ന് ജേക്കബ് തോമസ് പറഞ്ഞു.

ഓഖി ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിനായിരിന്നു ജേക്കബ് തോമസിനെതിരെ ആദ്യം സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. അതിന് പിന്നാലെ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകം എഴുതിയതിന്റെയും അഴിമതിക്കേസില്‍ പ്രതിയാക്കപ്പെട്ടതിന്റെയും പേരില്‍ സസ്പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു.

Also read: സര്‍ക്കാറിനെ വീണ്ടും പരിഹസിച്ച് ജേക്കബ് തോമസ് 

Also read: ജേക്കബ് തോമസ് ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്