സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു
‘’മൂന്നാംതവണ എത്തിയ രാത്രിയിലാണ് അഭയയുടെ കൊലപാതകം നടക്കുന്നത്. അന്ന് രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്റിന്റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു’’.

സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വഞ്ചിയൂര്‍ സി.ബി.ഐ കോടതിയില്‍ ഇന്ന് നടത്തിയത് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകളാണ്. അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്കിയ മൊഴിയില്‍ ഉറച്ചു നിന്നു.
അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നത് താനാണെന്ന് പറയാന്‍ ക്രൈംബ്രാഞ്ച് പ്രലോഭിപ്പിച്ചതായും രാജു ഇന്ന് കോടതിയില്‍ മൊഴി നല്കി. അഭയകേസില്‍ നിര്‍ണായക സാക്ഷി മൊഴിയായിരിക്കുകയാണ് ക്രൈം ബ്രാഞ്ചിനെതിരായ അടയ്ക്കാ രാജുവിന്റെ ഇന്നത്തെ കോടതിയിലെ വെളിപ്പെടുത്തല്‍.

കോട്ടയത്തെ പയസ് ടെന്ത് കോണ്‍വെന്റില്‍ താന്‍ മൂന്നുതവണ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ രാജു, മൂന്നാംതവണ എത്തിയ രാത്രിയിലാണ് അഭയയുടെ കൊലപാതകം നടക്കുന്നതെന്ന് കോടതിയില്‍ പറഞ്ഞു. അന്ന് രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്റിന്റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു. ഒന്ന് ഫാദര്‍ തോമസ് കോട്ടൂര്‍. രണ്ട് ഫാദര്‍ ജോസ് പുതൃക്കയില്‍. അന്ന് കണ്ടവരിലാരെങ്കിലും ഇന്ന് കോടതിയില്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന് രാജുവിനോട് ചോദിച്ചു. വിസ്താരക്കൂട്ടില്‍ നിന്ന രാജു കോടതിയില്‍ ഉണ്ടായിരുന്ന ഫാദര്‍ കോട്ടൂരിനെ കാണിച്ചു കൊടുത്തു.
സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞതോടെ സിബിഐ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി. തുടര്‍ന്ന് അഭയ കൊല്ലപ്പെട്ട 1992 മുതല്‍ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയില്‍ തുറന്നു പറഞ്ഞു. കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തേടി വന്നിരുന്നു. കൊലപാതകം ഏറ്റെടുക്കാന്‍ പ്രലോഭിപ്പിച്ചു. രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടില്‍ ഒരാള്‍ക്ക് ജോലിയുമായിരുന്നു വാഗ്ദാനം. മൊഴി രേഖപ്പെടുത്തിയ കോടതി, വന്ന ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ആകുമോയെന്നും രാജുവിനോട് ചോദിച്ചു. ഇവരെ പല തവണ കണ്ടതാണെന്നും എപ്പോള്‍ കണ്ടാലും തിരിച്ചറിയാനാകുമെന്നും രാജു മറുപടി നല്കി.
അഭയയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന സിസ്റ്റര്‍ അനുപമ വരെ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി നിലനിന്നപ്പോഴാണ് മുഖ്യസാക്ഷിയായ അടയ്ക്ക രാജു എത്ര പ്രലോഭനങ്ങളുണ്ടായിട്ടും തന്റെ മൊഴിയില്‍ ഉറച്ചു നിന്നിരിക്കുന്നത്. അഭയയുടെ റൂംമേറ്റായിരുന്നു സിസ്റ്റര്‍ അനുപമ. കേസിലെ അമ്പതാം സാക്ഷിയായിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയില്‍ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് സിസ്റ്റര്‍ അനുപമ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ മൊഴി മാറ്റി.
കേസിലെ നാലാം സാക്ഷിയും കോണ്‍വെന്റിന് സമീപത്തെ താമസക്കാരനുമായ സഞ്ജു കൊല നടന്ന ദിവസം ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്കൂട്ടര്‍ കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടുവെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി ഇദ്ദേഹവും കോടതിയില്‍ തിരുത്തിയിരുന്നു.