LiveTV

Live

Kerala

സഭാതര്‍ക്കം: കോടതി അലക്ഷ്യ ഹരജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും കേന്ദ്ര സേനയെ കൊണ്ട് വിധി നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീംകോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ

സഭാതര്‍ക്കം: കോടതി അലക്ഷ്യ ഹരജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍

മലങ്കരസഭ പള്ളിതര്‍ക്കത്തില്‍ സര്‍ക്കാരിനും യാക്കോബായ സഭക്കുമെതിരെ ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. സഭാ തര്‍ക്കത്തിലെ 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. കേന്ദ്രസേനയെ കൊണ്ട് വിധി നടപ്പിലാക്കണം എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.

സമവായ ശ്രമങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് തീരുമാനമെടുത്ത ഓര്‍ത്തഡോക്‌സ് സഭ കോടതി ഇടപെടലിലൂടെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയേയും ഒന്നും രണ്ടും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹരജിയില്‍ യാക്കോബായ സഭ കാതോലിക്കാ ബാവയെയും എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതി വിധിക്കെതിരെ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കിയതും കോടതിയലക്ഷ്യമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വാദം.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് 2017 ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെങ്കില്‍ 1934ലെ ഭരണഘടനയുമായി കാതോലിക്കാ ബാവ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.

അതേസമയം മാറ്റം വരുത്തിയ ഭരണഘടന ഉപയോഗിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ അനുകൂല വിധി സമ്പാദിച്ചതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമാണ് യാക്കോബായ സഭയുടെ ആവശ്യം. പള്ളിത്തര്‍ക്ക കേസുകളില്‍ മലങ്കര സഭയുടെ 1934ലെ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചത്.