LiveTV

Live

Kerala

മോദി അനുകൂല പരാമര്‍ശം; തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല

അതേസമയം വിവാദത്തെ മയപ്പെടുത്താനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക 

 മോദി അനുകൂല പരാമര്‍ശം; തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല

മോദി അനുകൂല പരാമര്‍ശ വിവാദത്തില്‍പ്പെട്ട ശശി തരൂരിനെതിരെ നടപടിയുണ്ടായേക്കില്ല. ഉചിതമായ നടപടി എടുക്കണമെന്ന് കാണിച്ച് കെ.പി.സി.സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം വിവാദത്തെ മയപ്പെടുത്താനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക. വലിയ വിവാദത്തിലേക്ക് പോകാന്‍ മാത്രമുള്ള പരാമര്‍ശം തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്.

മോദി സ്തുതി നടത്തിയെന്ന പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തരൂരിനോട് വിശദീകരണവും ചോദിച്ചു. മോദി സ്തുതി നടത്തിയില്ലെന്ന് പറഞ്ഞ തരൂര്‍ താന്‍ ഉന്നയിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് വിശദീകരണത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇതിന്റെ തുടര്‍ നടപടി എന്ന നിലയില്‍ ഉചിതമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ നടപടിയിലേക്ക് പോകാന്‍ ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന. വലിയ വിവാദത്തിലേക്ക് പോകാന്‍ മാത്രമുള്ള പരാമര്‍ശം തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്.

മാത്രമല്ല പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷനിരയിലെ പ്രധാന സാന്നിധ്യമാണ് തരൂര്‍. ബി.ജെ.പി ഉയര്‍ത്തുന്ന ആശയങ്ങളെ അടിസ്ഥാനപരമായി എതിര്‍ക്കുന്ന നേതാവാണ് തരൂര്‍. അങ്ങനൊരാളെ കൂടുതല്‍ വിവാദങ്ങള്‍പ്പെടുത്തേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതിനാല്‍ തന്നെ കെ.പി.സി.സി റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് വിവാദത്തെ തണുപ്പിക്കാനാകും ഹൈക്കമാന്‍ഡ് ശ്രമിക്കുക. പ്രസ്താവന യുദ്ധങ്ങള്‍ക്കിടെ പെട്ടെന്ന് തരൂരിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്ന സൂചനയും ലഭിക്കുന്നുണ്ട്. ചുരുക്കത്തില്‍ തരൂരും കേരളത്തിലെ നേതാക്കളും തമ്മിലുള്ള മോദി വിവാദം അടുത്ത ദിവസങ്ങളില്‍ അവസാനിക്കാനാണ് സാധ്യത.

Also read: മോദി സ്തുതി; കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍

Also read: മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍