LiveTV

Live

Kerala

ദേശീയ പാത 66 സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

മലപ്പുറം ഇടിമൂഴിക്കല്‍ മുതല്‍ രാമനാട്ടുകര വരെ സ്ഥലം ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയിരിക്കുന്നത്...

ദേശീയ പാത 66 സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മലപ്പുറം ഇടിമൂഴിക്കല്‍ മുതല്‍ രാമനാട്ടുകര വരെ സ്ഥലം ഏറ്റെടുക്കാനായി പുറപ്പെടുവിച്ച വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. പരാതികളും അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് പുതിയ അലൈന്‍മെന്റ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ തീരുമാനിച്ചിരുന്ന അലൈന്‍മെന്റ് ഉപേക്ഷിച്ച് പുതിയ രൂപരേഖ ഉണ്ടാക്കിയത് ദുരുദ്ദേശ്യപരമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച മൂന്ന് എ വിജ്ഞാപനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഭൂവുടമകളായ 60 പേര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

സ്വാധീനശക്തിയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സ്ഥലങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ആസൂത്രിതമായാണ് മുന്‍ അലൈന്‍മെന്റ് മാറ്റി പുതിയ മേഖലയിലൂടെ പാത നിര്‍മാണം തീരുമാനിച്ചതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. 60 ഓളം വീടുകളും 40 ഓളം വാണിജ്യ സ്ഥാപനങ്ങളും അങ്ങാടി തന്നെയും നഷ്ടപ്പെടുന്ന വിധത്തില്‍ വളവും തിരിവും നിറഞ്ഞ വിധമാണ് ഇപ്പോഴത്തെ അലൈന്‍മെന്റ് തീരുമാനിച്ചിട്ടുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും എതിര്‍പ്പുകളും കേട്ട ശേഷമാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായതെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മുന്നിലെത്തിയ രേഖകളും വസ്തുതകളും പരിഗണിച്ച് വേണം സര്‍ക്കാര്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടത്. ആ രേഖകള്‍ അവഗണിക്കുന്നത് നടപടിക്രമത്തിന്റെ ഗൗരവം ചോര്‍ത്തുന്ന നടപടിയാണ്.

ഈ രീതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് സാധുത കുറയുമെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്കടക്കം നോട്ടീസ് നല്‍കി വൈകാതെ തന്നെ അലൈന്‍മെന്റ് സംബന്ധിച്ച തീരുമാനമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.