LiveTV

Live

Kerala

കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി

കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

2018ലെ പ്രളയത്തില്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഒരു മാസത്തിനകം തുക കൈമാറണമെന്ന് ഹൈക്കോടതി. പ്രളയബാധിതരുടെ വിശദാംശങ്ങള്‍ വെബ് സൈറ്റില്‍ ഉള്‍പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ളനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ ഇടപെടല്‍. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാര തുക കൈമാറണമെന്നാണ് കോടതി ഉത്തരവ്.

പ്രളയബാധിതരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് വെബ് സൈറ്റില്‍ ഉള്‍പടുത്തുന്നതിനുള്ള പ്രത്യേക ഫോര്‍മാറ്റുകള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ ജില്ലകളിലും ഏകീകൃത രീതിയിലുള്ള വിവരശേഖരണമാണ് ഉദ്ദേശിക്കുന്നതെന്നും അതിനായി മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2019ലും പ്രളയമുണ്ടായതാണ് കാലതാമസമുണ്ടാക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഒന്നര മാസത്തെ സമയമാണ് കോടതി അനുവദിച്ചത്.

പ്രളയ ദുരിത ബാധിതര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ കെല്‍സയെ കോടതി കക്ഷി ചേര്‍ത്തു. ഹരജി അടുത്ത മാസം 30ന് വീണ്ടും പരിഗണിക്കും.

അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. നഷ്ടപരിഹാരം നീളുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമാണെന്നും വി.എസ് സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.