LiveTV

Live

Kerala

സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. നിര്‍മാണ സമയം ലാഭിക്കാന്‍ പറ്റും

സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച്ചും നിര്‍മാണരീതിയിലെ മാറ്റത്തെ കുറിച്ചും പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ നിര്‍മാണ രീതികളില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതൊക്കെ സ്ഥലത്ത് താമസിക്കാം,കെട്ടിടം നിര്‍മ്മിക്കാം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പഠിക്കുന്നത്.പ്രവാസി വെൽഫയർ ബോർഡിനും മന്ത്രിസഭ അംഗീകാരം നല്‍കി.

തുടര്‍ച്ചയായി അതിതീവ്രമഴയും പ്രളയവും ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മദ്രാസ് ഐ.ഐ.ടി പ്രഫസറും ജലവിഭവവകുപ്പ് ഡയറക്ടറുമായ ഡോ. കെ.പി സുധീര്‍ അധ്യക്ഷനായ സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.

പുതിയ നിര്‍മാണ രീതികളിലേക്ക് അടിയന്തിരമായി മാറണം. ഇതിനായി പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യങ്ങളിലുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. തിരുവനന്തപുരം വിജെടി ഹാളിന്റെ പേര് അയ്യന്‍കാളി ഹാള്‍ എന്നാക്കി മാറ്റും.

പ്രവാസി വെൽഫയർ ബോർഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രവാസികളുടെ ക്ഷേമത്തിനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ആണ് ബോർഡ് രൂപീകരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപകരെ കൂടി മെറ്റേർണിറ്റി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ഇതിന്റെ അനുമതിക്കായി കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജോണ്‍സന്റെ കുടുംബത്തിന് 10 ലക്ഷം രൂപയയും ജോണ്‍സന്റെ ഭാര്യക്ക് ടൂറിസം വകുപ്പില്‍ താത്കാലിക ജോലി നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തു.