LiveTV

Live

Kerala

മോദി പരാമര്‍ശം: നിലപാടിലുറച്ച് കെ.പി.സി.സിക്ക് തരൂരിന്‍റെ വിശദീകരണം

താന്‍ മോദിയെ വിമര്‍ശിച്ചതിന്‍റെ 10 ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ലെന്ന് തരൂര്‍

മോദി പരാമര്‍ശം: നിലപാടിലുറച്ച് കെ.പി.സി.സിക്ക് തരൂരിന്‍റെ വിശദീകരണം

മോദി പരാമര്‍ശത്തിലെ നിലപാടിലുറച്ച് കെ.പി.സി.സിക്ക് ശശി തരൂരിന്‍റെ വിശദീകരണം. മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ സ്തുതി പാഠകനായി ചിത്രീകരിക്കുകയാണെന്നും ശശി തരൂര്‍ മറുപടിയില്‍ വ്യക്തമാക്കി. താന്‍ മോദിയെ വിമര്‍ശിച്ചതിന്‍റെ 10 ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല. തനിക്ക് കെ.പി.സി.സി അധ്യക്ഷന്‍ അയച്ച ഇ മെയില്‍ ചോര്‍ന്നതിലെ അതൃപ്തിയും തരൂര്‍ പരസ്യമാക്കി.

കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം എതിര്‍ക്കുമ്പോഴും പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയാറല്ല ശശി തരൂര്‍. കെ.പി.സി.സിയുടെ നോട്ടീസിന് വിദേശത്ത് നിന്ന് തന്നെ നല്‍കിയ മറുപടിയിലും തെളിയുന്നത് ഇതു തന്നെ. താന്‍ മോദിയെ സ്തുതിച്ച് പരാമര്‍ശം നടത്തിയിട്ടില്ല. ജയറാം രമേശ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് തിന്‍റെ നിലപാട് അറിയിക്കുക മാത്രമാണ് ചെയ്തത്. മോദിയെ വിമര്‍ശിക്കേണ്ട ഘട്ടങ്ങളില്‍ താന്‍ വിമര്‍ശിച്ചിട്ടുണ്ട്. താന്‍ മോദിയെ വിമര്‍ശിച്ചതിന്‍റെ 10 ശതമാനം കേരളത്തിലെ ഏതെങ്കിലും നേതാവ് വിമര്‍ശിച്ചിട്ടില്ല. മോദി സര്‍ക്കാരിനോട് സ്വീകരിക്കേണ്ട പ്രതിപക്ഷ തന്ത്രത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിച്ചേ വിമര്‍ശിക്കാവൂ. എന്നാലേ മോദിക്ക് വോട്ട് ചെയത് ജനങ്ങളുടെ വിശ്വാസ്യത കൂടി ലഭിക്കുകയുള്ളൂ. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ജനാധിപത്യകക്ഷികള്‍ പൂര്‍വാധിക ശക്തിയോടെ തിരിച്ചുവരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തരൂര്‍ കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

വിശദീകരണം ആവശ്യപ്പെട്ട് തനിക്ക് കെ.പി.സി.സി അധ്യക്ഷന്‍ അയച്ച ഇ മെയില്‍ ചോര്‍ന്നതിലെ അതൃപ്തി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. തനിക്കയച്ച ഇ മെയില്‍ ചോര്‍ത്തിയവര്‍ തന്നെ തന്‍റെ വിശദീകരണം കൂടി ചോര്‍ത്തി നല്‍കുന്നതാണ് നല്ലതെന്നാണ് തരൂരിന്‍റെ പുതിയ ട്വീറ്റ്. നിലപാടില്‍ ഉറച്ചു നിന്ന് തരൂര്‍ മറുപടി നല്‍കിയ സാഹചര്യത്തില്‍ ഇനി കെ.പി.സി.സിയുടെ നിലപാടാകും നിര്‍ണായകം. നടപടി ആവശ്യപ്പെട്ട് ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്.