LiveTV

Live

Kerala

രാഹുലിന്‍റെ വയനാട്ടിലെ സന്ദര്‍ശനം തുടരുന്നു

കഴിഞ്ഞ ദിവസം തലപ്പുഴയില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങിയ സന്ദര്‍ശനത്തിനിടെ ആറുകേന്ദ്രങ്ങളില്‍ രാഹുല്‍ നേരിട്ടെത്തി

രാഹുലിന്‍റെ വയനാട്ടിലെ സന്ദര്‍ശനം തുടരുന്നു

വയനാട് ലോക്സഭാമണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍ഗാന്ധി എം.പി നടത്തുന്ന സന്ദര്‍ശനം ഇന്നും വയനാട് ജില്ലയില്‍ തുടരും. പ്രധാനമായും പ്രളയക്കെടുതി ബാധിച്ച വിവിധ ആദിവാസി ഊരുകളിലാണ് ഇന്നത്തെ സന്ദര്‍ശന പരിപാടി. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ വയനാട് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നാലു ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ഗാന്ധി നടത്തുന്നത്. കഴിഞ്ഞ ദിവസം തലപ്പുഴയില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് തുടങ്ങിയ സന്ദര്‍ശനത്തിനിടെ ആറുകേന്ദ്രങ്ങളില്‍ രാഹുല്‍ നേരിട്ടെത്തി.

പ്രളയദുരിതം കാര്യമായി ബാധിച്ച തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് , തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് എന്നിവിടങ്ങളില്‍ പ്രദേശവാസികളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയാനും അദ്ധേഹം സമയം കണ്ടെത്തി. തുടര്‍ന്ന് എടവക പഞ്ചായത്തിലെ ചാമാടിപ്പൊയില്‍ ആദിവാസി കോളനിയിലെത്തി ദുരിത ബാധിതരെ ആശ്വസിപ്പിച്ചു. മാനന്തവാടിയിലെ പുഴയില്‍ ജന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാനന്തവാടിയിലെ ഫോറസ്റ്റ് റെസ്റ്റ് ഹൌസിലാണ് രാഹുല്‍തങ്ങിയത്.

ഇന്നും വയനാട് ജില്ലയില്‍ തന്നെ സന്ദര്‍ശനം തുടരുന്ന രാഹുല്‍ , കാലത്ത് 10 മണിക്ക് ബാവലിയിലെ മീന്‍കൊല്ലി ആദിവാസി കോളനിയില്‍ നിന്ന് സന്ദര്‍ശന പരിപാടികള്‍ തുടങ്ങും. പയ്യമ്പള്ളിയിലെ ചാലുഗദ്ധ കോളനി, നെയ്ക്കുപ്പ കോളനി ,പൊന്‍കുഴി കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലും ഇന്ന് രാഹുല്‍ഗാന്ധിയെത്തും. ഉച്ചക്ക് ശേഷം മുട്ടില്‍ ഡബ്ള്യൂ.എം.ഒ കോളേജിലെ സന്ദര്‍ശനം കഴിഞ്ഞ് കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം. തുടര്‍ന്ന് കുറുമ്പാലക്കോട്ട, കാപ്പിക്കളം , വാരമ്പറ്റ എന്നിവിടങ്ങളില്‍ കൂടി ഇന്ന് സന്ദര്‍ശിക്കും.

രാത്രി കല്‍പ്പറ്റ പി.ഡബ്ള്യൂ.ഡി ഗെസ്റ്റ് ഹൌസില്‍ വിശ്രമിച്ച് നാളെ കാലത്ത് പൊഴുതന പഞ്ചായത്തിലെ ആറാംമയില്‍, വൈത്തിരി എന്നിവിടങ്ങളും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച. പിന്നീട് മുക്കത്തെ എം.പി ഓഫീസ് ഉദ്ഘാടനം. തുടര്‍ന്ന് ഏറനാട് വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ദുരിത ബാധിതരെ കൂടി കണ്ടശേഷം വെള്ളിയാഴ്ച ഉച്ചയോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും.