LiveTV

Live

Kerala

‘’ഞാനവര്‍ക്ക് അവരുടെ മൂത്ത മകനാണ്’’: വൈറലായ വീഡിയോയെ കുറിച്ച് മിദ്‍ലാജ്

ലീവ് കഴിഞ്ഞ് വന്ന ഹൗസ് ഡ്രൈവറേ സ്വീകരിക്കുന്ന സൗദി ഫാമിലി: വീഡിയോയിലെ നായകന്‍ മിദ്‍ലാജ് സംസാരിക്കുന്നു

‘’ഞാനവര്‍ക്ക് അവരുടെ മൂത്ത മകനാണ്’’: വൈറലായ വീഡിയോയെ കുറിച്ച് മിദ്‍ലാജ്

അവധിക്ക് നാട്ടിലെത്തുന്ന ഒരു പ്രവാസിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ വീട്ടുകാര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടാവും... അത് സാധാരണയാണ്.. എന്നാല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന അന്യനാട്ടുകാരനായ തങ്ങളുടെ തൊഴിലാളിയെ കാത്ത് മണിക്കൂറുകളോളമാണ് ആ സൌദി കുടുംബം മദീന എയര്‍പോര്‍ട്ടില്‍ കാത്ത് നിന്നത്.. കാത്തുനില്‍ക്കുക മാത്രമോ, കണ്ടുനിന്നവരുടെ മനസ്സ് നിറയ്ക്കുന്ന സ്വീകരണമാണ് നാലുമാസത്തെ ലീവിന് നാട്ടില്‍ പോയി വരുന്ന തങ്ങളുടെ ഹൌസ് ഡ്രൈവര്‍ക്ക് ആ കുടുംബം കരുതിവെച്ചിരുന്നത്.

ലീവ് കഴിഞ്ഞ് വന്ന ഹൗസ് ഡ്രൈവറേ സ്വീകരിക്കുന്ന സൗദി ഫാമിലി എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മിദ്‍ലാജ് ആയിരുന്നു ആ വീഡിയോയിലെ നായകന്‍. നാലുവര്‍ഷത്തിന് ശേഷം നാലുമാസത്തെ ലീവിന് നാട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് മിദ്‍ലാജിനെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു വരവേല്‍പ്പ് സ്പോണ്‍സറും ഭാര്യയും കുട്ടികളും നല്‍കിയത്.

വിമാനത്താവളത്തിലെ സ്വീകരണം മാത്രമല്ല, മിദ്‍ലാജിന് വമ്പന്‍ വരവേല്‍പ്പ് നല്‍കാനായി ഒരു ഹോട്ടല്‍ റൂം വരെ ബുക്ക് ചെയ്തിരുന്നു സ്പോണ്‍സറും കുടുംബവും. കഴിഞ്ഞില്ല, തിരിച്ചെത്തുമ്പോഴേക്കും അവന്‍റെ റൂം അടിമുടി മാറ്റി, എല്ലാം പുതിയ സാധനങ്ങളാക്കി മാറ്റുകയും ചെയ്തു.

‘’ഞാനവര്‍ക്ക് അവരുടെ മൂത്ത മകനാണ്’’: വൈറലായ വീഡിയോയെ കുറിച്ച് മിദ്‍ലാജ്

സൌദി കുടുംബവുമായുള്ള തന്‍റെ ആത്മബന്ധത്തെ കുറിച്ച് മിദ്‍ലാജ് മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു:

''മലപ്പുറം കൂട്ടിലങ്ങാടി മുഞ്ഞകുളം എന്ന സ്ഥലത്താണ് നാട്. നാട്ടില്‍ കാര്‍ എ. സി മെക്കാനിക്കായിരുന്നു.. ഗള്‍ഫിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ബന്ധുവും അവരുടെ സുഹൃത്തുമാണ് ഈ വിസ എനിക്ക് അയച്ചുതരുന്നത്. അപ്പോഴെ അവര്‍ പറഞ്ഞിരുന്നു ഹൌസ് ഡ്രൈവറുടെ വിസയാണ്.. നല്ല ആളുകളാണ് എന്നൊക്കെ..

‌സൌദി, മദീനയിലെ അല്‍ ഉല എന്ന സ്ഥലത്ത് ഹൌസ് ഡ്രൈവറായിട്ടാണ് ജോലിക്ക് കയറുന്നത്. നാലുവര്‍ഷമായി ഈ സ്പോണ്‍സറുടെ കൂടെത്തന്നെയാണ്. വളരെവളരെ നല്ല ആളുകളാണ്. അബ്ദുല്‍ വഹാബ് ഇബ്രാഹിം എന്നാണ് കഫീലിന്‍റെ പേര്. അദ്ദേഹം ഗവണ്‍മെന്‍റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ആളാണ്. കഫീലും ഭാര്യയും ആറുമക്കളും ഉള്‍ക്കൊള്ളുന്നതാണ് കുടുംബം. ഒരു ആണ്‍കുട്ടിയാണ് അവര്‍ക്കുള്ളത്. ആ കുട്ടിയാണ് വീഡിയോയില്‍ എന്നെ വന്ന് കെട്ടിപ്പിടിക്കുന്നത്. ബാക്കി അഞ്ചും പെണ്‍കുട്ടികള്‍. ഞാനിപ്പം ആ കുടുംബത്തിലെ ഒരംഗമാണ്. അങ്ങനെയാണ് അവര്‍ എന്നെ കാണുന്നത്. മൂത്ത മകനെപ്പോലെ കണ്ടാണ് അവരെന്നെ സ്‍നേഹിക്കുന്നത്. ജോലിക്ക് കയറി, വളരെ പെട്ടെന്ന് തന്നെ ഞാന്‍ അവരുമായി അടുത്തു. നാലുമാസത്തെ ലീവിനാണ് നാട്ടിലേക്ക് പോയത്. തിരിച്ചുവന്നപ്പോഴാണ് അവരെന്നെ ഇത്ര സ്‍നേഹത്തോടെ സ്വീകരിച്ചത്. ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല. അവരെന്നെ സ്‍നേഹം കൊണ്ട് ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

‘’ഞാനവര്‍ക്ക് അവരുടെ മൂത്ത മകനാണ്’’: വൈറലായ വീഡിയോയെ കുറിച്ച് മിദ്‍ലാജ്

ഞാന്‍ വരുന്നതും കാത്ത് മണിക്കൂറുകളോളം ആണ് അവര്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നത്. രാവിലെ എട്ടുമണിക്ക് അവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയെന്നാണ് പറഞ്ഞത്. പക്ഷേ ഞാന്‍ പോയ ഫ്ലൈറ്റ് രണ്ട് മണിക്കൂറോളം ലേറ്റ് ആയിരുന്നു. മദീന വിമാനത്താവളത്തിന് പുറത്തെത്തുമ്പോള്‍ പതിനൊന്നര കഴിഞ്ഞു. അവരെന്നെ വിളിക്കാന്‍ വരുമെന്ന് പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു പോകാമെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ മനസ്സില്‍ വിചാരിച്ചാണ് വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നത് പോലും. എന്നെ ഞെട്ടിച്ചു കൊണ്ടാണ് ആ മോന്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചത്. അതുതന്നെ ഒരു ഷോക്കായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്ന് പിന്നെ നേരെ പോയത് ഒരു ഹോട്ടലിലേക്കാണ്. അവിടെ എനിക്ക് വേണ്ടി അവര്‍ റൂം വരെ ബുക്ക് ചെയ്തിരുന്നു. അവിടെ വെച്ചാണ് ആ കേക്ക് മുറിക്കുന്നതൊക്കെ... അവിടുന്ന് പിന്നെ താമസസ്ഥലത്തേക്ക് പിറ്റേന്ന് ആണ് എത്തുന്നത്. അവിടെ ഒരുക്കിയിരുന്നു എനിക്കുള്ള അടുത്ത ഷോക്ക്. എന്‍റെ റൂം ആകെ മാറ്റിയിരിക്കുന്നു.. എല്ലാം പുതിയ സാധനങ്ങള്‍.. എല്ലാവിധ സൌകര്യങ്ങളും എനിക്ക് വേണ്ടി അവിടെ ഒരുക്കിയിരിക്കുന്നു. എല്ലാം കൂടി കണ്ട് കണ്ണുനിറഞ്ഞ് ഞാനവരോട് ചോദിച്ചു പോയി, ഇതിനെല്ലാം പകരം എന്താണ് ഞാന്‍ നിങ്ങള്‍ക്ക് തരേണ്ടത് എന്ന്.. അതിന് അവര്‍ പറഞ്ഞ ഒരു വാക്കുണ്ട്, ''നീ ഒന്നും ചെയ്യണ്ട, പക്ഷേ നിനക്ക് എത്രകാലം ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ പറ്റുമോ അത്രയും കാലം ഞങ്ങളുടെ കൂടെ ഉണ്ടാവണം, ഒരു മകനെപ്പോലെ ഞങ്ങളുടെ കൂടെ നില്‍ക്കണം. ഞങ്ങളെ വിട്ടുപോകരുത്..''

‘’ഞാനവര്‍ക്ക് അവരുടെ മൂത്ത മകനാണ്’’: വൈറലായ വീഡിയോയെ കുറിച്ച് മിദ്‍ലാജ്

സൌദിയിലെത്തി രണ്ടുവര്‍ഷം തികയുന്നതിന് മുമ്പ് ഒരിക്കല്‍ ലീവിന് നാട്ടില്‍ പോയിരുന്നു. സഹോദരിയുടെ കല്യാണത്തിനായിരുന്നു അത്. അന്ന് ഒരുമാസമേ നിന്നുള്ളൂ.. അതൊഴിച്ചാല്‍ സൌദിയിലെത്തിയ ഈ നാലുവര്‍ഷവും ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവിടത്തെ കുട്ടികള്‍ക്ക് വെക്കേഷന്‍ സമയമായതുകൊണ്ടാണ് നാട്ടിലേക്ക് പോയത്. സ്കൂളും മദ്രസയും എല്ലാം അവധിയായിരുന്നു.

ഇവിടെയെത്തി പെട്ടെന്ന് തന്നെ അവരുമായി എനിക്ക് ഒരു ആത്മബന്ധമുണ്ടായി.. ഒരു മൂന്നോനാലോ മാസം, അതിനുള്ളില്‍ തന്നെ ഭാഷയും ഞാന്‍ പെട്ടെന്ന് പഠിച്ചെടുത്തു. അവരോട് സംസാരിച്ചുസംസാരിച്ച് തന്നെയാണ് ഞാന്‍ ഭാഷ പഠിച്ചെടുത്തത്. കുട്ടികള്‍ ഒക്കെ വളരെ ചെറുതായിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് എനിക്ക് പൂ തരുന്ന പെണ്‍കുട്ടിക്ക്, ഞാന്‍ അവിടെ എത്തുമ്പോള്‍ ഒരു വയസ്സാണ് പ്രായം. ഞാനാണ് ഈ മക്കളെയൊക്കെ എടുത്ത് കൊണ്ടു നടന്നിരുന്നത്... കളിപ്പിച്ചിരുന്നത്.... അവരുടെ മൂത്തമകന്‍, വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെ നോക്കിനടത്തുമോ ആ ഒരു സ്വാതന്ത്ര്യം എനിക്ക് അവര്‍ തന്നു. എനിക്കും നാട്ടില്‍ നാല് പെങ്ങന്മാര്‍ ആണ്.. ഞാന്‍ ഒരു ആണ്‍കുട്ടിയാണ്... അതുകൊണ്ട്, എന്‍റെ വീട്, കഫീലിന്‍റെ വീട് എന്നൊരു വേര്‍തിരിവ് എനിക്കുണ്ടായില്ല. ഞാന്‍ എന്‍റെ വീട്ടില്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു അവിടെയും. അതിന് അവര് തന്ന സ്നേഹമായിരുന്നു ആ സ്വീകരണം...

ലീവ് കഴിഞ്ഞ് വന്ന ഹൗസ് ഡ്രൈവറേ സ്വീകരിക്കുന്ന സൗദി ഫാമിലി

Posted by പൂമ്പാറ്റ Butterfly Ƹ̴Ӂ̴Ʒ on Saturday, August 24, 2019

ഞങ്ങള്‍ക്കിടയിലെ നിമിഷങ്ങളെ പണ്ടും അവര്‍ വീഡിയോ എടുക്കാറുണ്ടായിരുന്നു. ഇതും അതുപോലെ അവര്‍ വീഡിയോ എടുത്തു എന്നേയുള്ളൂ.. കൂട്ടുകാരുടെ റൂമില്‍പോയപ്പോള്‍ അവരെ ഞാനീ വീഡിയോ കാണിച്ചപ്പോള്‍ അവരാണ് അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. അതിങ്ങനെ വൈറലാക്കാനൊന്നും ചെയ്തതല്ല. പിറ്റേന്ന് തന്നെ ഞങ്ങള്‍ ഒരു യാത്ര പോയി.. ഇത് വൈറലായതൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. വാട്‍സ്ആപ്പില്‍ കൂട്ടുകാരുടെ മെസേജ് നിരന്തരം വന്നപ്പോഴാണ് സംഭവം വൈറലായത് അറിഞ്ഞത്.''