LiveTV

Live

Kerala

ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.

ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മാരകായുധങ്ങളുമായി എത്തിയ കെ.എസ്.യു പ്രവര്‍ത്തകരാണ് അക്രമത്തിന് തുടക്കമിട്ടതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.

കഴിഞ്ഞ ദിവസം കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതുമായിബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നും ലോ കോളേജില്‍ കെ.എസ്.യു- എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആയുധങ്ങളുമായി എത്തിയ കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ യൂണിറ്റ് സെക്രട്ടറി ജിഷ്ണു എസ് നാഥ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്നാണ് പരാതി.

വന്‍ പൊലീസ് സന്നാഹമെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. പരുക്കേറ്റ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.യു വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ ബാബു, നിഖില്‍ ആര്‍.ടി എന്നിവരെ മ്യൂസിയം പോലീസ് പിടികൂടി. കോളേജിനുള്ളിലെ കാറില്‍ നിന്ന് ഹോക്കി സ്റ്റിക്ക് കണ്ടെത്തി. റാഗിംഗുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇനി തിങ്കളാഴ്ചയേ കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കൂ.