LiveTV

Live

Kerala

‘ഞാൻ കോൺഗ്രസിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നയാൾ; കോൺഗ്രസുകാർ എന്നെ മോദി അനുകൂലിയാക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു’ - ശശി തരൂർ 

കോൺഗ്രസ് പാർട്ടിയുടെ പുരോഗമന, മതേതര, സമഗ്ര തത്വങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി പാർലമെന്റിനകത്തും പുറത്തും നിരവധി വർഷങ്ങൾ നിലകൊണ്ടയാളാണ് ഞാനെന്നതിൽ എനിക്ക് അഭിമാനമുണ്ട്.

‘ഞാൻ കോൺഗ്രസിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നയാൾ; കോൺഗ്രസുകാർ എന്നെ മോദി അനുകൂലിയാക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു’ - ശശി തരൂർ 

മോദിയെ വ്യക്തിപരമായല്ല, നയങ്ങളെയാണ് നേരിടേണ്ടതെന്ന നിലപാട് മാറ്റാതെ കോൺഗ്രസ് തിരുവനന്തപുരം എം.പി ശശി തരൂർ. സമഗ്ര മൂല്യങ്ങളെയും ഭരണഘടനാ തത്വങ്ങളെയും മുറുകെ പിടിച്ചുകൊണ്ടാണ് താൻ മൂന്ന് തെരഞ്ഞെടുപ്പുകൾ വിജയിച്ചതെന്നും തന്റെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ പോലും കോൺഗ്രസ് നേതാക്കൾ അതിനെ ബഹുമാനിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. 'ദി പ്രിന്റി'ൽ എഴുതിയ ലേഖനത്തിൽ തന്റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയ അദ്ദേഹം, തന്നോട് ബി.ജെ.പിയിൽ പോകാൻ ആവശ്യപ്പെട്ട കോൺഗ്രസ്സിലെ നേതാവ് എട്ടു വർഷം മുമ്പ് പാർട്ടി വിട്ട് തിരിച്ചുവന്നയാളാണെന്നു പരിഹസിക്കുകയും ചെയ്തു.

മോദിയെ പിശാചായി ചിത്രീകരിക്കരുതെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ താൻ പിന്തുണക്കാനുള്ള കാരണം പ്രിന്റിലെ ലേഖനത്തിൽ തരൂർ വിശദീകരിക്കുന്നുണ്ട്. മോദി നല്ല കാര്യങ്ങൾ ചെയ്താൽ അത് അംഗീകരിക്കണമെന്നും എന്നാൽ മാത്രമേ, മോശം കാര്യങ്ങളുടെ പേരിൽ മോദിയെ വിമർശിക്കാൻ കഴിയൂ എന്നും 2014-ൽ പറഞ്ഞതിന്റെ പേരിൽ താൻ ഏറെ പഴികേട്ടു. പാർട്ടി വക്താവ് സ്ഥാനത്തു നിന്നു തന്നെ തന്നെ മാറ്റി. ജയറാം രമേശിന്റെ പ്രസ്താവന യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണ്. അതിനെ പിന്തുണച്ചതിനെ 'മോദി സ്തുതി' ആയി വ്യാഖ്യാനിക്കുകയാണ് കേരളത്തിലെ നേതാക്കൾ ചെയ്തത്.

കൈയടി അർഹിക്കുന്ന ഒന്നും മോദി ചെയ്തിട്ടില്ലെന്ന മറ്റു നേതാക്കളുടെ നിലപാട് തനിക്കില്ലെന്നും മോദി ചെയ്യുന്നതിനെയെല്ലാം അശുദ്ധമായി കാണാനാവില്ലെന്നും തരൂർ എഴുതുന്നു. “മോദി സർക്കാറിനെപ്പറ്റി 500 പേജുകളിലായി ഞാൻ എഴുതിയ ദി പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തിൽ നല്ല കാര്യങ്ങൾ അധികമൊന്നും മോദി ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും 2014-ലെ 31 ശതമാനത്തിൽ നിന്ന് 2019-ൽ 37 ശതമാനമായി ബി.ജെ.പിയുടെ വോട്ടുവിഹിതം ഉയർത്താൻ മോദിക്കു കഴിഞ്ഞു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചത് എന്നു മനസ്സിലാക്കാൻ നാം കോൺഗ്രസുകാർ ശ്രമിക്കണം. മോദി തങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വോട്ടർമാർ കരുതുന്നു. നമ്മൾ അത് അംഗീകരിക്കണം. എന്നിട്ട് അതിലെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടണം. മോദി കക്കൂസുകൾ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷേ, അതിൽ 60 ശതമാനത്തിലും വെള്ളമില്ല. ഗ്രാമീണ സ്ത്രീകൾക്ക് മോദി ഗ്യാസ് സിലിണ്ടർ നൽകി. പക്ഷേ, 92 ശതമാനത്തിനും ഗ്യാസ് റീഫിൽ ചെയ്യാനുള്ള വകയില്ല. എന്നിട്ടും മോദി ഒന്നും ചെയ്തില്ല എന്ന മട്ടിലാണ് നമ്മൾ പെരുമാറുന്നതെങ്കിൽ അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങൾ വിഡ്ഢികളാണെന്നാണ് നമ്മൾ പറയുന്നത്. അങ്ങനെ പറഞ്ഞതു കൊണ്ട് വോട്ട് കിട്ടില്ല.” തരൂർ എഴുതുന്നു.

പുരോഗമനചിന്തയും മതേതര ബോധവുമുള്ള ലിബറൽ പാർട്ടികൾക്കൊപ്പം കോൺഗ്രസ് അധികാരത്തിലെത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് കോൺഗ്രസുകാരെ മാത്രം ആകർഷിച്ചതു കൊണ്ട് കാര്യമില്ലെന്നും ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ തവണ നമ്മെ വിട്ട് ബി.ജെ.പിക്കൊപ്പം പോയവരുടെ വിശ്വാസം നാം തിരിച്ചുപിടിക്കണം, വോട്ടുകളും. അതിന് മോദിയിൽ അവർ ആകൃഷ്ടരാവാനുണ്ടായ കാരണങ്ങളെ അഭിമുഖീകരിക്കണം. അപ്പോഴാണ് വിമർശനത്തിന് കൂടുതൽ ആധികാരികത കൈവരികയെന്നും അക്കാര്യം ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നും തരൂർ വ്യക്തമാക്കുന്നു.

'കോൺഗ്രസ് പാർട്ടിയുടെ പുരോഗമന, മതേതര, സമഗ്ര തത്വങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി പാർലമെന്റിനകത്തും പുറത്തും നിരവധി വർഷങ്ങൾ നിലകൊണ്ടയാളാണ് ഞാനെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഭരണഘടനയെയും ഇന്ത്യ എന്ന ആശയത്തെയും ആക്രമിക്കുന്ന ഭരണകക്ഷിയുടെ നയങ്ങളെ വിശകലനം ചെയ്യുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. എനിക്ക് ബി.ജെ.പിയിലേക്ക് ചായ് വുണ്ടെന്നും ഞാൻ മോദിയെ പിന്തുണക്കുന്നയാളാണെന്നും എന്റെ പാർട്ടിയിലെ ചിലർ തന്നെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചെറുതല്ലാത്ത അത്ഭുതമുണ്ട്. ടെലവിഷൻ സ്‌ക്രീനിലൂടെ സ്‌ക്രോൾ ചെയ്ത് പോകുന്ന ബ്രേക്കിംഗ് ന്യൂസ് അല്ലാതെ മറ്റൊന്നും അവർ വായിക്കാറില്ലേ?'
- തരൂർ ചോദിക്കുന്നു.