LiveTV

Live

Kerala

സിറോ മലബാര്‍ സഭ പ്രതിസന്ധിയില്‍ സിനഡിനും ഉത്തരവാദിത്വമെന്ന് അല്‍മായര്‍

സിറോ മലബാര്‍ സഭയിലെ പ്രതിസന്ധിയില്‍ ഒരുവിഭാഗം വൈദികരും വിശ്വാസികളും യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു അല്‍മായരുടെ പ്രതികരണം.

സിറോ മലബാര്‍ സഭ പ്രതിസന്ധിയില്‍ സിനഡിനും ഉത്തരവാദിത്വമെന്ന് അല്‍മായര്‍

സിറോ മലബാര്‍ സഭ സിനഡിനെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും രംഗത്ത്. വത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ പോലും നടപ്പിലാക്കാന്‍ സിനഡ് തയ്യാറാവുന്നില്ലെന്നാണ് ആരോപണം. വിവാദ വിഷയങ്ങളില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അല്‍മായ മുന്നേറ്റം അറിയിച്ചു.

അതിരൂപത സംരക്ഷണ സമിതിയും അല്‍മായ മുന്നേറ്റവുമാണ് സിനഡിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സിനഡിനിടെ പാസ്റ്ററല്‍ കൗണ്‍സിലും വൈദിക സമിതിയും വിളിച്ച് ചേര്‍ക്കണമെന്ന വത്തിക്കാന്‍ നിര്‍ദ്ദേശം സിനഡ് പാലിച്ചില്ല. വ്യാജരേഖ കേസില്‍ വൈദികരെയും അല്‍മായരെയും പൊലീസ് വേട്ടയാടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിനഡിന് ഉത്തരവാദിത്തമുണ്ട്. വിവാദ വിഷയങ്ങളില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നും അല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഇവര്‍ സിനഡിന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച അഞ്ച് കാര്യങ്ങളില്‍ നീതിയുക്തമായ തീരുമാനമെടുക്കുക. വ്യാജരേഖ കേസില്‍ പ്രാഥമിക അന്വേഷണ മൊഴി നല്‍കിയ ഫാദര്‍ ജോബി മാപ്രക്കാവിലിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ദിനാള്‍ വിരുദ്ധപക്ഷം മുന്നോട്ട് വെക്കുന്നത്.