LiveTV

Live

Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി 

പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് പിതാവിന്‍റെ മൊഴി

 ഇതര സംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി 

കാസര്‍കോട് ഇതര സംസ്ഥാന ദമ്പതികളുടെ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. പൊലീസ് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് പിതാവിന്‍റെ മൊഴി. രാജസ്ഥാൻ സ്വദേശികളായ കാജൽ-ബാന ദമ്പതികൾ മുന്നാഴ്ച മുമ്പ് കുഴിച്ചു മൂടിയ നവജാത ശിശുവിന്‍റെ മൃതദേഹമാണ് പൊലിസ് പുറത്തെടുത്തത്. നവജാത ശിശുവിന്‍റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം പൂർണമായും ദ്രവിച്ച നിലയിലാണ്. അതേസമയം കുഞ്ഞിന്‍റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി.

മാസം തികയാതെ പ്രസവിച്ചതിനെത്തടർന്നു കുട്ടി മരിച്ചു പോയെന്നും ,അതിനാൽ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയുമായിരുന്നെന്നാണ് പിതാവിന്റെ മൊഴി. എന്നാൽ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയാലെ മരണത്തിലുള്ള ദുരൂഹത പൂർണ്ണമായും നീക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് ദിവസം മുമ്പ് കണ്ണൂർ ടൗൺ സ്‌റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കാജലിന്‍റെ ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് കൂട്ടത്തിൽ ഒരാൾ ആരോപിച്ചു. ഇതേ, തുടർന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ കോട്ടച്ചേരി മൽസ്യമാർക്കറ്റിന് സമീപം കുഴിച്ചിട്ടതായി കാജൽ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് കാജൽ-ബാന ദമ്പതികളെ കണ്ണൂർ പൊലിസ് ഹോസ്ദുർഗ് പൊലിസിന് കൈമാറി ഇതിനു ശേഷമാണ് കുഞ്ഞിന്‍റെ മരണത്തിന്‍റെ ദുരൂഹത നീക്കാൻ പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്.