LiveTV

Live

Kerala

അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യത, അബ്ദുല്ലക്കുട്ടിയുടെ ഉദാഹരണം മുന്നിലുണ്ട്: തരൂരിനെതിരെ മുല്ലപ്പള്ളി

തരൂരിന്‍റെ മാനസാന്തരത്തിന്റെ കാരണം തരൂര്‍ തന്നെ വിശദീകരിക്കണം.

 അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യത, അബ്ദുല്ലക്കുട്ടിയുടെ ഉദാഹരണം മുന്നിലുണ്ട്: തരൂരിനെതിരെ മുല്ലപ്പള്ളി

ശശി തരൂര്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ എന്തിന് വേണ്ടിയാണ് മോദിയെ സ്തുതിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അവസര സേവകന്മാര്‍ പാര്‍ട്ടിക്ക് ബാധ്യതയായിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയുടെ ഉദാഹരണം കോണ്‍ഗ്രസിന് മുന്നിലുണ്ട്. തരൂരിന്‍റെ മാനസാന്തരത്തിന്റെ കാരണം തരൂര്‍ തന്നെ വിശദീകരിക്കണം. തരൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ പറഞ്ഞു.

മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ജയറാം രമേശും അഭിഷേക് സിങ്വിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.