LiveTV

Live

Kerala

നിയമങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട് ആയഞ്ചേരിയില്‍ ഒരു ക്വാറി

സ്ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെക്കാനുള്ള ഷെഡും, നിയമ പ്രകാരം വേണ്ട ചുറ്റുമതിലും ആയഞ്ചേരി ബാവുപ്പാറയിലുള്ള ക്വാറിക്കില്ല

നിയമങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട് ആയഞ്ചേരിയില്‍ ഒരു ക്വാറി

50 മീറ്റര്‍ പരിധിയില്‍ വീടുകളുണ്ടങ്കില്‍ ഖനനാനുമതി നല്‍കരുതെന്ന നിയമം നോക്കുകുത്തിയാക്കിയാണ് കോഴിക്കോട് ആയഞ്ചേരിയിലുള്ള ക്വാറിക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്. സ്ഫോടക വസ്തുക്കള്‍ ശേഖരിച്ച് വെക്കാനുള്ള ഷെഡും, നിയമ പ്രകാരം വേണ്ട ചുറ്റുമതിലും ആയഞ്ചേരി ബാവുപ്പാറയിലുള്ള ക്വാറിക്കില്ല. കഴിഞ്ഞ മഴക്കാലത്ത് ഉരുള്‍പൊട്ടലുണ്ടായി ക്വാറിയിലേക്കുള്ള റോഡ് ഒലിച്ച് പോയിരുന്നു.

ക്വാറിയും വീടുകളും തമ്മില്‍ 115 മീറ്റര്‍ ദൂരം അകലുമുണ്ടന്നാണ് ഖനനാനുമതി നല്‍കുന്നതിന് മുമ്പുള്ള സര്‍വ്വേ മാപ്പില്‍ ആയഞ്ചേരി വില്ലേജ് ഓഫീസര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ക്വാറിയും വീടുകളും തമ്മിലുള്ള അകലം 28 മീറ്ററേയുള്ളൂവെന്ന് വ്യക്തമായി അപ്പോഴേക്കും ഖനനം വലിയൊരളവില്‍ കഴിഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഉരുള്‍പൊട്ടലുണ്ടായി ക്വാറിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് വരെ ഒലിച്ചുപോയി. ഒരു ചെറിയ ഷെഡ് പോലും സ്ഥലത്തില്ല. ചുറ്റുമതിലോ,പില്ലറുകളോ വെച്ച് ഖനന സ്ഥലം വേര്‍തിരിക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചിട്ടില്ല. സ്ഫോടകവസ്തുക്കള്‍ എല്ലാ ദിവസവും വാഹനത്തില്‍ കൊണ്ടുവരുന്നതുകൊണ്ടാണ് ഷെഡ് ഇല്ലാത്തതെന്നാണ് ക്വാറി ഉടമയുടെ വിശദീകരണം.