LiveTV

Live

Kerala

തിരുവനന്തപുരം ഗോള്‍ഫ് ക്ലബില്‍ സ്വകാര്യ ലോബി വീണ്ടും പിടിമുറുക്കുന്നു

ഭരണ സമിതിയിലെ ക്ലബ് ഭാരവാഹികളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തി.

തിരുവനന്തപുരം ഗോള്‍ഫ് ക്ലബില്‍ സ്വകാര്യ ലോബി വീണ്ടും പിടിമുറുക്കുന്നു

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ഗോള്‍ഫ് ക്ലബില്‍ സ്വകാര്യ ലോബി വീണ്ടും പിടിമുറുക്കുന്നു. ഭരണ സമിതിയിലെ ക്ലബ് ഭാരവാഹികളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തി. അതിനിടെ പരിപാലനത്തിനായി സര്‍ക്കാര്‍ നല്‍കിയ ക്ലബില്‍ ബാര്‍ ‍പുനരാരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ നിയമയുദ്ധം നടത്തിയ ശേഷമായിരുന്നു ഗോള്‍ഫ്‌ ക്ലബ് നിലനില്‍ക്കുന്ന 25.38 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് തിരിച്ചു പിടിച്ചത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രസിഡന്‍റായ ഭരണസമിതിയില്‍ സര്‍ക്കാര്‍ നോമിനികളായ നാല് ഐ.എ.എസ് ഉദ്യോഗസ്ഥരും ക്ലബിന്‍റെ നോമിനികളായി മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഗോര്‍ഫ് ക്ലബില്‍ പിടിമുറുക്കാനുള്ള നീക്കങ്ങളാണ് സ്വകാര്യ ലോബി നടത്തുന്നത്. ഇതിനായി ബൈലോയില്‍ ഭേദഗതി വരുത്തി ഭരണസമിതിയില്‍ കൂടുതല്‍ ക്ലബ് അംഗങ്ങളെ ഉള്‍പ്പെടുത്തി. നിലവില്‍ മൂന്ന് പേരാണ് ഭരണ സമിതിയില്‍ ഉണ്ടായിരുന്നത് കൂടാതെ രണ്ട് പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ഭരണ സമിതിയിലെ ക്ലബ് അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കമുള്ള ഭരണ സമിതിയില്‍ ഇനി തീരുമാനമെടുക്കണമെങ്കില്‍ ഇവരുടെ അനുവാദം കൂടി വേണം. നേരത്തെ ഉണ്ടായിരുന്നത് പോലം ഭരണം പൂര്‍ണ്ണമായും കൈക്കലാക്കുന്നതിന്‍റെ ആദ്യ ഘട്ടമാണ് ഈ നടപടിയെന്നാണ ഉയര്‍ന്ന് വരുന്ന വിമര്‍ശനം. ഭരണ സമിതിയില്‍ മാറ്റം വന്നെങ്കില്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

അതിനിടെ നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അവസാനിപ്പിച്ച ബാറിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനും നീക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി ബാര്‍ലൈസന്‍സിന് വേണ്ടിയുള്ള രേഖകള്‍ വില്ലേജ് ഓഫീസില്‍ നിന്ന് ഭരണസമിതിയിലെ ചില അംഗങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ഗോള്‍ഫ് അക്കാദമി സ്ഥാപിച്ചെങ്കിലും ലാഭത്തിലല്ലെന്നും കൂടുതല്‍ വരുമാനം കണ്ടെത്താനും വിദേശികളെ ആകര്‍ഷിക്കാനും ബാര്‍ വേണമെന്നാണ് ഭരണ സമിതി അംഗങ്ങള്‍ ഇതിന് നല്‍കുന്ന വിശദീകരണം.