LiveTV

Live

Kerala

സർക്കാർ രേഖ തിരുത്തി ഭൂമാഫിയക്ക് ഒത്താശ: ഏഴ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ്

പാലക്കാട് പിരായിരി വില്ലേജിലെ നിലം തരം മാറ്റിയതിനാണ് കേസ്.

സർക്കാർ രേഖ തിരുത്തി ഭൂമാഫിയക്ക് ഒത്താശ: ഏഴ് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കേസ്

സർക്കാർ രേഖ തിരുത്തി ഭൂമാഫിയക്ക് ഒത്താശ ചെയ്ത സംഭവത്തിൽ ഏഴ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പാലക്കാട് തഹസിൽദാറുടെ പരാതിയിലാണ് മുന്‍ എ.ഡി.എം അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പാലക്കാട് പിരായിരി വില്ലേജിലെ നിലം തരം മാറ്റിയതിനാണ് കേസ്. മീഡിയവൺ എക്സ്ക്ലുസീവ്.

2013ൽ പിരായിരി വില്ലേജിലെ ബ്ലോക്ക് ഇരുപതിലെ 363 ആം സർവ്വേ നമ്പറിലുള്ള നിലമാണ് പുരയിടം എന്ന് തിരുത്തിയത്. ബി.ടി.ആറിൽ ബ്ലേയ്ഡുകൊണ്ട് ചുരണ്ടി നിലം എന്നത് തരം മാറ്റി എന്നാണ് കേസ്. പാലക്കാട് എ.ഡി.എം ആയി വിരമിച്ച വിജയൻ, റിട്ടയഡ് ഡെപ്യൂട്ടി തഹസിൽദാർ മോഹൻദാസ്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസർ സുഭാഷ്, കൊടുമ്പ് വില്ലേജ് ഓഫീസർ ഭരത്, ലാന്റ് റവന്യൂ കമ്മീഷണര്‍ ഓഫീസ് ക്ലാർക്ക് ശശി, റവന്യൂ വകുപ്പ് ജീവനക്കാരായ രാജേഷ്, അനന്ത കൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്.

ലാന്റ് റവന്യൂ കമ്മീഷണറാണ് പാലക്കാട് ജില്ലാ കലക്ടറോട് അന്വേഷിക്കാൻ ഉത്തരവിട്ടത്. ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ തഹസിൽദാറോട് പൊലീസിൽ പരാതി നൽകാന്‍ കലക്ടർ നിർദേശിച്ചു. അന്ന് ഫയൽ കൈകാര്യം ചെയ്ത 7 ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് എടുത്തത്.