LiveTV

Live

Kerala

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍ 

മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലമായത് കൊണ്ട് തീപാറുന്ന പോരാട്ടമായിരിക്കും വട്ടിയൂര്‍ക്കാവില്‍ നടക്കുന്നത്.

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍ 

പാലാ ഉപതെര‍ഞ്ഞെടുപ്പിന് പിന്നാലെ വട്ടിയൂര്‍ക്കാവിലും തെരഞ്ഞെടുപ്പുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ക്കുള്ളില്‍ ആരംഭിച്ചുകഴിഞ്ഞു. മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള സ്ഥലമായത് കൊണ്ട് തീപാറുന്ന പോരാട്ടമായിരിക്കും വട്ടിയൂര്‍ക്കാവില്‍ നടക്കുന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വേഗത്തില്‍ തന്നെ മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടന്നേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. തീപാറുന്ന പോരാട്ടത്തിനൊടുവില്‍ 7622 വോട്ടുകള്‍ക്ക് യു.ഡി.എഫിന്‍റെ കെ മുരളീധരന്‍ ജയിച്ചു. 43700 വോട്ടുകളുമായി ബി.ജെ.പിയുടെ കുമ്മനം രാജശേഖന്‍ രണ്ടാമതും 40441 വോട്ടുകളുമായി എല്‍.ഡി.എഫിന്‍റെ ടി.എന്‍ സീമ മൂന്നാമതും വന്നു. വോട്ട് നില പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. മൂന്ന് മുന്നണികള്‍ക്കും ജയസാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ പൊരിഞ്ഞ പോരാട്ടം നടത്തി മണ്ഡലം പിടിക്കാനുള്ള തീവ്രശ്രമം മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു.

തെര‍ഞ്ഞെടുപ്പ് ചുമതലക്കാരെ നിയോഗിച്ച് സ്ഥാനാര്‍ഥി പട്ടികയുടെ പ്രാഥമിക ചര്‍ച്ചകളിലേക്ക് പാര്‍ട്ടി നേതൃത്വങ്ങള്‍ കടന്നു. തിരുവനന്തപുരം കോര്‍പ്പേറഷന്‍ മേയര്‍ വി.കെ പ്രശാന്ത്, വി ശിവന്‍കുട്ടി, എം വിജയകുമാര്‍ അടക്കമുള്ളവരുടെ പേരുകളാണ് സി.പി.എമ്മിന്‍റെ പരിഗണനാപട്ടികയില്‍ മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ടി.എന്‍ സീമ, മുന്‍മേയര്‍ കെ ചന്ദ്രിക എന്നീ പേരുകളും ചര്‍ച്ചകളിലുണ്ട്. കോണ്‍ഗ്രസും സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റും നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ കെ മോഹന്‍കുമാര്‍, പത്മജ വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നീ പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കെ മുരളീധരന്‍റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്.

ബി.ജെ.പി വലിയ പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നത് കൊണ്ട് മികച്ച സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. കുമ്മനം രാജശേഖരന്‍, വി.വി രാജേഷ്, ജില്ലാപ്രസിഡന്‍റ് എസ് സുരേഷ് എന്നീ പേരുകളാണ് ബി.ജെ.പി ക്യാമ്പില്‍ നിന്ന് കേള്‍ക്കുന്നത്.എന്തായാലും അധികം വൈകാതെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള ആലോചനകള്‍ മുന്നണികള്‍ക്കുള്ളില്‍ സജീവമാണ്.