LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി യു.ഡി.എഫ്   

പാലായിലെ വിജയത്തിന് കോട്ടം തട്ടാത്ത രീതിയിൽ മുന്നോട്ട് പോകണമെന്ന് യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും അഭ്യർഥിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി യു.ഡി.എഫ്   

പാലായിലെ സ്ഥാനാര്‍ഥി കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ പി.ജെ ജോസഫ് - ജോസ് കെ മാണി വിഭാഗത്തിനോട് പരസ്പരം ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ദേശിച്ച് യു.ഡി.എഫ്. ഇരു വിഭാഗങ്ങളും നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനത്തിലെത്തിയില്ലെങ്കില്‍ യു.ഡി.എഫ് വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്ന് നടന്ന ചര്‍ച്ചകളില്‍ തീരുമാനമാവാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പാലായില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് ഇരു വിഭാഗവും ആവര്‍ത്തിച്ചു.

പാലായിലെ വിജയത്തിന് കോട്ടം തട്ടാത്ത രീതിയിൽ മുന്നോട്ട് പോകണമെന്ന് യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും അഭ്യർഥിച്ചു. പാലാ തെരഞ്ഞെടുപ്പ് ഏകോപനത്തിന് ഉപസമിതിക്ക് യു.ഡി.എഫ് രൂപം നൽകി. പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്താൻ ചേർന്ന യു.ഡി.എഫ് യോഗത്തിൽ സീറ്റ് ആർക്ക്, സ്ഥാനാർത്ഥിയായി ആരായിരിക്കും ഇങ്ങനെയുള്ള ചർച്ചകളിലേക്ക് കടന്നില്ല.

ഇത്തരം ചർച്ചയിലേക്ക് കടക്കുന്നത് കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം യു.ഡി.എഫ് യോഗത്തിൽ തന്നെ ഉണ്ടാവാൻ ഇടയാക്കുമെന്ന് നേതൃത്വം കരുതി. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി സംബന്ധിച്ചുള്ള ചർച്ചകൾ ഉഭയകക്ഷി ചർച്ചയിലൂടെ നടത്താമെന്ന് രമേശ് ചെന്നിത്തല ആദ്യം തന്നെ അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തീരുമാനിച്ച യു.ഡി.എഫ് യോഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതിക്ക് രൂപം നൽകി. തുടർന്ന് ഘടക കക്ഷികളുമായി ചർച്ച നടത്തി. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം തുടങ്ങി മറ്റു കക്ഷികളുമായി ആദ്യ ഉഭയകഷി ചർച്ച പൂർത്തിയാക്കി. പ്രശ്നപരിഹാരത്തിനുള്ള സാധ്യതയാണ് മറ്റ് കക്ഷികളോട് ആരാഞ്ഞത്.

കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളുമായുള്ള ചർച്ചയിൽ ആയിരിക്കും സ്ഥാനാർത്ഥി സംബന്ധിച്ച നിർണായകമായ വിഷയത്തിലേക്ക് വരിക. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, പി കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.