LiveTV

Live

Kerala

പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു 

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു.

പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു 

പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായി. സ്ഥാനാര്‍ഥിക്കായി അവകാശവാദം ഉന്നയിച്ച് ജോസഫ് രംഗത്തെത്തിയെങ്കിലും ആശങ്കയില്ലെന്ന് ജോസ് കെ മാണി വിഭാഗവും പ്രതികരിച്ചു. യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പി.ജെ ജോസഫിന്‍റെ നീക്കം നിര്‍ണായകമാകും.

പാലാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചിത്രം തെളിയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട് എന്ന വ്യക്തമായ സൂചനയാണ് കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണം. യുഡിഎഫുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകളില്‍ പി.ജെ ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ഉടന്‍ താന്‍ പ്രഖ്യാപിക്കും.

എന്നാല്‍ മറുവശത്ത് ആത്മവിശ്വാസം വാനോളമാണ്. പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു ആശങ്കയുമില്ലെന്നും, സ്റ്റിയറിംഗ് കമ്മിറ്റി ജോസ് കെ മാണിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ വ്യക്തമാക്കി. സീറ്റിനായി അവകാശവാദം ഉന്നയിച്ച് പാര്‍ട്ടിയെ കൈക്കലാക്കുക എന്നതാണ് ജോസഫ് തന്ത്രം. എന്നാല്‍ രണ്ട് കാര്യത്തിലും വിട്ടുവീഴ്ചയില്ല എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്.