LiveTV

Live

Kerala

സിനഡ് ഒരാഴ്ച പിന്നിട്ടിട്ടും സിറോ മലബാര്‍ സഭാ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായമായില്ല

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കിയിട്ടുണ്ട്.

സിനഡ് ഒരാഴ്ച പിന്നിട്ടിട്ടും സിറോ മലബാര്‍ സഭാ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായമായില്ല

സിറോ മലബാര്‍ സഭ സമ്പൂര്‍ണ സിനഡ് ഒരാഴ്ച പിന്നിട്ടിട്ടും സഭയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായമായില്ല. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അല്‍മായ മുന്നേറ്റം വ്യക്തമാക്കിയിട്ടുണ്ട്. അല്‍മായ മുന്നേറ്റത്തിനെതിരെ കാത്തലിക്ക് ഫോറവും രംഗത്ത് വന്നിട്ടുണ്ട്.

സിനഡില്‍ സഭയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ചയായെങ്കിലും പ്രശ്ന പരിഹാരത്തിന് ഉതകുന്ന യാതൊരു തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. സിനഡിന് മുന്‍പില്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് അല്‍മായ മുന്നേറ്റം ഇന്നലെ സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ചത്. മെത്രാന്‍മാര്‍ അഭ്യര്‍ത്ഥിച്ചിട്ടും സമരത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ അല്‍മായ മുന്നേറ്റം തയ്യാറായില്ല. മാത്രമല്ല വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രാര്‍ത്ഥനാ റാലി അവഹേളനപരമാണെന്ന നിലപാടുമായി കാത്തലിക്ക് ഫോറവും രംഗത്ത് വന്നിട്ടുണ്ട്. സിനഡിനെ സമര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റാലി നടത്തിയവര്‍ക്കെതിരെ സിനഡ് നടപടിയെടുക്കണമെന്നും കാത്തലിക് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനങ്ങളിലെത്തുക എന്നത് സിനഡിന് കനത്ത വെല്ലുവിളിയാവും.