LiveTV

Live

Kerala

പ്രളയദുരന്തത്തിനിടെ സര്‍ക്കാര്‍ ധൂര്‍ത്ത്

ആകെ 80 ലക്ഷത്തോളം രൂപയുടെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നല്‍കി ഉത്തരവിറങ്ങി.

പ്രളയദുരന്തത്തിനിടെ സര്‍ക്കാര്‍ ധൂര്‍ത്ത്

പ്രളയ ദുരിതത്തിനിടയിലും ധൂര്‍ത്ത് തുടരുന്ന സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കാന്‍ 39 ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണിക്ക് ഭരണാനുമതി നല്‍കി. മന്ത്രി എ.സി മൊയ്തീന്‍ ഉപയോഗിച്ചിരുന്ന ഓഫീസാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കുന്നത്. മന്ത്രി എ.സി മൊയ്തീന് പുതിയ ഓഫീസ് ഒരുക്കാന്‍ 40 ലക്ഷം രൂപ വേറെയും ചിലവാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് സെക്രട്ടറിയേറ്റ് അനക്‌സിലെ അഞ്ചാം നിലയിലെ പുതിയ ഓഫീസിലേക്ക് അടുത്തിടെ മാറിയിരുന്നു. ഈ ഓഫീസ് മാറ്റത്തിന് ചിലവായത്. 40,47,000 രൂപയാണ്. ഇതോടെ ഒഴിവു വന്ന സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫിനുള്ള സൗകര്യമൊരുക്കാനാണ് പുതിയ ഓഫീസെന്നാണ് വിവരം. ഈ ഓഫീസിലെ അറ്റകുറ്റപ്പണിക്കായി 39 ലക്ഷം രൂപക്ക് ഭരണാനുമതി നല്‍കി ഈ മാസം 16 ന് ഉത്തരവിറക്കി. എല്ലാ സൗകര്യങ്ങളോടും കൂടി മന്ത്രി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം മോടികൂട്ടാനാണ് വീണ്ടും 40 ലക്ഷത്തോളം രൂപ ചിലവാക്കുന്നത്. പ്രളയത്തിന്റെയും സാമ്പത്തിക ഞെരുക്കത്തിന്റെ കാലഘട്ടത്തിലെ ധൂര്‍ത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ് രണ്ട് ഓഫീസിന്റെയും നിര്‍മാണ ചുമതല നല്‍കിയത്. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഇത് പരിഗണിച്ചാല്‍ 20 വീടുകള്‍ക്ക് വേണ്ട തുകയാണ് രണ്ട് മന്ത്രി ഓഫീസ് മാറ്റങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കുന്നത്.