LiveTV

Live

Kerala

കവളപ്പാറയില്‍ നാളെയും തെരച്ചില്‍ തുടരും

കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മറ്റു തടസങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

കവളപ്പാറയില്‍ നാളെയും തെരച്ചില്‍ തുടരും

നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കുന്നു. തെരച്ചില്‍ നാളെ കൂടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പോത്തുകല്ലില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇനി 11 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്.

റവന്യൂ അധികൃതര്‍ക്ക് പുറമെ, കാണാതായവരുടെ ബന്ധുക്കള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് കവളപ്പാറ പ്രദേശത്ത് തെരച്ചില്‍ തുടരാന്‍ തീരുമാനമായത്. ഇന്നും നാളെയും തിരച്ചില്‍ തുടരും. തെരച്ചില്‍ നിര്‍ത്തുന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നും യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു.

കാണാതായവരെ മരിച്ചതായി കണക്കാക്കി ധനസഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മറ്റു തടസങ്ങളുണ്ടാകില്ലെന്നും അധികൃതര്‍ പറഞ്ഞു. ക്യാമ്പില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ വാടകവീടുകള്‍ കണ്ടെത്തുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പ്രളയ ദുരിത ബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തില്‍ ചര്‍ച്ചയായി.