LiveTV

Live

Kerala

എന്തുകൊണ്ട് രാജിവെച്ചു ? മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ പറയുന്നത് ഇങ്ങനെ...

എന്റെ രാജ്യത്ത് എനിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഞാന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒരു മാറ്റവും വരുത്തില്ലെന്ന് എനിക്കറിയാം. 

എന്തുകൊണ്ട് രാജിവെച്ചു ? മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ പറയുന്നത് ഇങ്ങനെ...

കശ്മീരിലെ ‘’അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ” തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ രാജിവച്ചതെന്ന് മലയാളി ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം കണ്ണന്‍ വെളിപ്പെടുത്തിയത്. ആർട്ടിക്കിൾ 370 തീരുമാനം സംബന്ധിച്ച് കശ്മീര്‍ ജനതയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമായിരുന്നു. എന്നാല്‍ അവരുടെ പക്ഷം കേള്‍ക്കാന്‍ ശ്രമിക്കാതെയാമ് കശ്മീരിലെ സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തതെന്നും കണ്ണന്‍ പറയുന്നു. 2018 ലെ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരോടൊപ്പം സാധാരണക്കാരില്‍ ഒരാളായി കൈകോര്‍ത്തതോടെയാണ് കണ്ണന്‍ ഗോപിനാഥന്‍ ശ്രദ്ധേയനായത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ദിയു എന്നിവയുടെ ഊർജ്ജ വകുപ്പ് സെക്രട്ടറി ആയിരുന്ന ഗോപിനാഥൻ, കഴിഞ്ഞ ബുധനാഴ്ചയാണ് രാജി സമർപ്പിച്ചത്. രാജിയില്‍ കശ്മീർ പ്രശ്നത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല.

“എന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ സര്‍വീസില്‍ ആയിരിക്കുമ്പോൾ അത് സാധ്യമല്ല. അതിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്,” അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അവകാശമാണ്. എന്നാൽ ജനാധിപത്യത്തിൽ അത്തരം തീരുമാനങ്ങളോട് പ്രതികരിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കണ്ണന്‍ പറഞ്ഞു. കശ്മീരിൽ തീരുമാനമെടുത്തതിന് ശേഷം ഏകദേശം 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ പോലും അവിടുത്തെ ജനങ്ങള്‍ക്ക് അതിനോട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ അനുവാദമില്ല. ജനാധിപത്യ സജ്ജീകരണത്തിൽ ഇത് സ്വീകാര്യമല്ല. വ്യക്തിപരമായി, എനിക്ക് ഇത് അംഗീകരിക്കാനും സേവനത്തിൽ തുടരാനും കഴിയില്ല.'' - കണ്ണന്‍ പറഞ്ഞു.

“എന്റെ രാജ്യത്ത് എനിക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഞാന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒരു മാറ്റവും വരില്ലെന്ന് എനിക്കറിയാം. എന്നാൽ ഇത് ശരിയല്ലെന്ന അഭിപ്രായം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും നമ്മള്‍ മാനിക്കേണ്ടതുണ്ട്. അവർക്ക് ഇഷ്‌ടപ്പെടാത്ത തീരുമാനമാണെങ്കില്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കണം. അവരെ പൂട്ടിയിടുന്നതിലൂടെ അവരുടെ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.'' അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ അവകാശമാണ്. അത് ശരിയാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സുപ്രീം കോടതിയിൽ നിക്ഷിപ്തമാണ്. ഒരു ബ്യൂറോക്രാറ്റ് എന്ന നിലയിൽ എനിക്ക് പരിമിതികളുണ്ട്. എന്നാൽ ഒരു ജനാധിപത്യ വ്യവസ്ഥയില്‍, അത്തരം തീരുമാനങ്ങൾക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സർക്കാർ എടുത്ത തീരുമാനത്തോട് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാർക്ക് അവകാശമുണ്ട്.'' കണ്ണന്‍ പറഞ്ഞു.

അവിടത്തെ ജനങ്ങൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ വികാരത്തിൽ നിന്നാണ് തന്റെ രാജി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാജി സ്വീകരിക്കുന്നതുവരെ പരസ്യമായി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞാൻ തെറ്റായിരിക്കാം. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ ധാരണ തെറ്റായിരിക്കാം. എന്റെ ബോധ്യം തെറ്റായിരിക്കാം. എന്നാൽ ഇത് എന്റെ ധാരണയാണെന്നും ഇത് എന്റെ ബോധ്യമാണെന്നും എനിക്കറിയാം, ഒപ്പം എന്റെ ബോധ്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു'' കണ്ണന്‍ പറഞ്ഞു.