LiveTV

Live

Kerala

അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി 

തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ.

അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി 

അഭയ കേസില്‍ സാക്ഷി കൂറുമാറി. കേസിലെ അമ്പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന മൊഴിയാണ് വിചാരണവേളയില്‍ അനുപമ മാറ്റിയത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങിയത്. വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ കേസിലെ പ്രധാന സാക്ഷി കൂറുമാറി.

കേസിലെ അമ്പതാം സാക്ഷിയായി സി.ബി.ഐ ഉള്‍പ്പെടുത്തിയിരുന്ന സിസ്റ്റര്‍ അനുപമയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയത്. സംഭവദിവസം രാവിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നായിരുന്നു അനുപമ സി.ബി.ഐ അന്വേഷണ സംഘത്തിന് നേരത്തെ നല്‍കിയ മൊഴി.

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ കേസിലെ നിര്‍ണ്ണായകമൊഴിയായി ഇത് സി.ബി.ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുകയും ചെയ്തു. എന്നാല്‍, ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. ഇതോടെ സാക്ഷി കൂറുമാറിയതായി സി.ബി.ഐ കോടതി പ്രഖ്യാപിച്ചു.

വിചാരണയുടെ തുടക്കത്തില്‍ തന്നെ സാക്ഷി കൂറുമാറിയത് സി.ബി.ഐക്കും തിരിച്ചടിയായി. മൂന്ന് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കാനുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അനുപമയെ മാത്രമാണ് വിസ്തരിച്ചത്.