LiveTV

Live

Kerala

സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക്‌ വിശ്വാസികളുടെ പ്രതിഷേധറാലി

വൈദികര്‍ പ്രതികളായ വ്യാജരേഖാക്കേസ് ഉടനടി പിന്‍വലിക്കണമെന്നും അതിരൂപതയുടെ ഭരണചുമതല ബിഷപ്പ് ജേക്കബ് മനത്തേടത്തിന് തിരികെ നല്‍കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം 

സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക്‌ വിശ്വാസികളുടെ പ്രതിഷേധറാലി

സിനഡില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് അല്‍മായ മുന്നേറ്റം സിറോ മലബാര്‍ സഭ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രാര്‍ത്ഥനാ റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി. സിനഡിന് മുന്നില്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഹരിച്ചിലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ പറഞ്ഞു.

രണ്ട് ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ച പ്രതിഷേധ പ്രാര്‍ത്ഥനാ റാലി മൗണ്ട് സെന്റ് തോമസ് കവാടത്തിന് മുന്‍പില്‍ സംഗമിച്ചു. ചില വിശ്വാസികള്‍ അകത്തേക്ക് പ്രവേശിക്കണമെന്ന നിലപാടെടുത്തത് നേരിയ സംഘര്‍ഷത്തിന് കാരണമായി. വിശ്വാസികള്‍ പിന്നീട് സഭാ ആസ്ഥാനത്തിന് വലംവെച്ച് പ്രാര്‍ത്ഥനാ റാലി നടത്തി. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാത്ത സിനഡില്‍ വിശ്വാസം നഷ്ടമായി. അതിനാല്‍ വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതക്ക് പൂര്‍ണ അധികാരമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, ഭൂമിയിടപാട് വിഷയത്തില്‍ വത്തിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക, പുറത്താക്കപ്പെട്ട സഹായമെത്രാന്‍മാരെ പുനര്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അല്‍മായ മുന്നേറ്റം സമരരംഗത്തെത്തിയത്.