LiveTV

Live

Kerala

ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണിയായി വട്ടിപ്പന മലയിലെ ക്വാറി

അണക്കെട്ട് സ്ഥിതി ചെയ്യുന്ന മലയോട് ചേര്‍ന്ന വട്ടിപ്പന മലയിലെ ഖനനം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണിയായി വട്ടിപ്പന മലയിലെ ക്വാറി

കോഴിക്കോട് കാവിലുംപാറ വട്ടിപ്പന മലയെ ക്വാറികള്‍ തുരന്നെടുക്കുമ്പോള്‍ അപകട ഭീഷണി ഉയരുന്നത് ബാണാസുര സാഗര്‍ അണക്കെട്ടിനാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്ന മലയോട് ചേര്‍ന്ന വട്ടിപ്പന മലയിലെ ഖനനം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മലയില്‍ നിന്നുമൊഴുകുന്ന തോടുകള്‍ നികത്തി നടത്തുന്ന ഖനനം നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.

പ്രകൃതി ഭംഗി കൊണ്ട് ഒന്നു പോയാല്‍ തിരികെ പോരാന്‍ തോന്നാത്ത ഇടം. വട്ടിപ്പനമല തുരന്നെടുക്കുമ്പോള്‍ നഷ്ടമാകുന്ന കാഴ്ചകളാണ് ഇവ. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടിയോളം ഉയരത്തില്‍ നില്‍ക്കുന്ന ഈ മലയുടെ മറുഭാഗത്താണ് ബാണാസുര സാഗര്‍. നടുങ്ങിത്തെറിക്കുന്ന ഓരോ സ്ഫോടനത്തിലും ആധിയുണ്ട് നാട്ടുകാര്‍ക്ക്.

മലമുകളില്‍ നിന്നുള്ള നീര്‍ച്ചാലുകള്‍ തടസ്സപ്പെടുത്തുന്നത് ഉരുള്‍പൊട്ടലിന് ആക്കം കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തോടുകള്‍ പോലും ഇവിടെ നികത്തപ്പെട്ടിരിക്കുന്നു. അതീവ ദുര്‍ബല പ്രദേശമായ ഇവിടെ ക്വാറിയുടെ പ്രവര്‍ത്തനം മൂലം സ്ഥലം വിറ്റ് പലരും മലയിറങ്ങി. പക്ഷേ ക്വാറിയുടെ താഴ്വാരത്ത് താമസിക്കുന്നവരെല്ലാം ഭീതിയിലാണ്. ഈ ക്വാറിക്ക് വേണ്ട രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമടക്കം നാട്ടുകാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വട്ടിപ്പന മല ഇനി ഓര്‍മ മാത്രമാകുമെന്ന മുന്നറിയിപ്പ് നാട്ടുകാര്‍ നല്‍കുന്നു.