LiveTV

Live

Kerala

ചേരിയം പന്തല്ലൂർ മലനിരകളിലെ ക്വാറികൾ അടച്ചുപൂട്ടണം: പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

ചേരിയം പന്തല്ലൂർ മലനിരകളിലെ ക്വാറികൾ അടച്ചുപൂട്ടണം: പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

മലപ്പുറം മങ്കട കുരങ്ങൻചോല ഉൾപ്പെടുന്ന ചേരിയം പന്തല്ലൂർ മലനിരകളിലെ ക്വാറി ക്രഷർ യൂണിറ്റുകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ പ്രക്ഷോഭത്തിലേക്ക്. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അധികൃതർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലുള്ള മങ്കട ചേരിയംമലയിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. നിയന്ത്രണമില്ലാതെ തുടരുന്ന ക്വാറി ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ചേരിയംമല ഇടിഞ്ഞു താഴ്‍ന്നാൽ ആയിരക്കണക്കിന് കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെ പ്രദേശവാസികൾ പരാതി അറിയിച്ചിട്ടുണ്ട്.

പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ നടക്കുന്ന സ്ഫോടനം പരിസര വാസികളുടെ സ്വൈര ജീവിതം തകർത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ചേരിയംമലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നു.