LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്

വോട്ടെണ്ണല്‍ 27ന് നടക്കും. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷപരിശോധന നടക്കും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്. വോട്ടെണ്ണല്‍ 27ന് നടക്കും. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാം. അഞ്ചിന് പത്രികകളുടെ സൂക്ഷപരിശോധന നടക്കും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

കെ.എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് പാല. എന്നാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഈ ഉപതെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ട് തട്ടില്‍ നില്‍ക്കുന്നതാണ് കാരണം.

മാണി സി കാപ്പന്‍
മാണി സി കാപ്പന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍.ഡി.എഫിനെ സംബന്ധിച്ചും നിര്‍ണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്. പാലായില്‍ എന്‍.സി.പിയുടെ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും.

തര്‍ക്കങ്ങള്‍ ബാധിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍

കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ ബാധിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹ്നാന്‍. യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ കേരള കോണ്‍ഗ്രസുകാര്‍ക്കും അറിയാം. സ്ഥാനാര്‍ഥി ആരെന്നകാര്യം കേരളകോണ്‍ഗ്രസ് തീരുമാനിക്കുമെന്നും ബെന്നിബഹന്നാന്‍ തൃശൂരില്‍ പറഞ്ഞു.

ദുരുദ്ദേശമുണ്ടെന്ന് കോടിയേരി

പാലയില്‍ മാത്രം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്താണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പാലയില്‍ ആര് മത്സരിക്കണമെന്നകാര്യം എല്‍.ഡി.എഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

ജനപ്രതിനിധികള്‍ ഇല്ലാത്ത അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഛത്തീസ്ഗഡ്, ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും സെപ്തംബര്‍ 23ന് നടക്കും.