LiveTV

Live

Kerala

പാലായില്‍ മൂന്നു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടം

എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും ഒരുപോലെ നിര്‍ണ്ണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്...

പാലായില്‍ മൂന്നു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടം

മൂന്ന് മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടി മറികടക്കുകയെന്ന വലിയ വെല്ലുവിളിയാണ് എല്‍.ഡി.എഫിന് മുന്നണിലുള്ളത്. കെ.എം മാണിയുടെ കുത്തക സീറ്റ് നിലനിര്‍ത്താമെന്ന വിശ്വാസമുണ്ടെങ്കിലും കേരള കോണ്‍ഗ്രസിലെ തര്‍ക്കം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പുകളിലുണ്ട്. പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്‍.ഡി.എ വിലയിരുത്തല്‍.

അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ കൂടി മാസങ്ങള്‍ക്കകം വരാനിരിക്കെ പാലാ ഉപതെരഞ്ഞെടുപ്പിന് വീറും വാശിയും കൂടും. എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും ഒരുപോലെ നിര്‍ണ്ണായകമാണ് പാലാ ഉപതെരഞ്ഞെടുപ്പ്. ലോകസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടന്ന ജനവിശ്വാസം തിരിച്ച് പിടിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സി.പി.എം തീരുമാനിച്ചതിന് പിന്നാലെ വരുന്ന തെരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണ്ണായകമാകുന്നത് ഇടത് മുന്നണിക്കാണ്. ജനകീയ അടിത്തറ തകര്‍ന്നില്ലെന്ന ബോധ്യപ്പെടുത്തുക മാത്രമല്ല വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പും ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇടത് മുന്നണിക്ക് വിജയം അനിവാര്യമാണ്. ഘടകകക്ഷിയായ എന്‍.സി.പിയുടെ പക്കലുള്ള സീറ്റ് സി.പി.എം ഏറ്റെടുക്കാന്‍ സാധ്യത കുറവാണ്.

കെ.എം മാണിയുടെ കുത്തക സീറ്റില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നുണ്ടെങ്കിലും കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഏതെങ്കിലും തരത്തില്‍ വിജയത്തെ ബാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃതലത്തിലുണ്ട്. നാളെ യു.ഡി.എഫ് യോഗം ചേരുമ്പോള്‍ ജോസഫ് -ജോസ് കെ മാണി പ്രശ്‌നം പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും. മാത്രമല്ല ലോക്‌സഭ തെരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വവും യു.ഡി.എഫിനുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,000ത്തില്‍ പരം വോട്ട് നേടിയ എന്‍.ഡി.എ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച പി.സി തോമസിനെ രംഗത്തിറക്കിയാല്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന എന്‍.ഡി.എയും കരുതുന്നു.